LiveTV

Live

Kerala

ചുമട്ടു തൊഴിലാളി സ്വകാര്യ ആശുപത്രിയുടെ അനാസ്ഥമൂലം മരിച്ചെന്ന് പരാതി

Summary
തൃശൂര്‍ അമല ആശുപത്രിയിലാണ് ആദ്യം ചികില്‍സ തേടിയത്. രണ്ട് മണിക്കൂറിലധികം അത്യാഹിത വിഭാഗത്തില്‍ കിടത്തിയ ശേഷം ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

കയ്യില്‍ ചില്ല് തുളച്ചു കയറി ചികില്‍സ തേടിയെത്തിയ മുന്‍ പഞ്ചായത്തംഗം സ്വകാര്യ ആശുപത്രിക്കാരുടെ അനാസ്ഥ മൂലം മരിച്ചതായി പരാതി. തൃശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശിയായ ഷൈജുവാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു.

തൃശൂര്‍ ചിറ്റിലപ്പിളളിയിലെ ചുമട്ടുതൊഴിലാളിയായ ഷൈജു ഇന്ന് പുലര്‍ച്ചെ ചില്ല് ലോറിയില്‍ നിന്ന് ഇറക്കുമ്പോഴാണ് മുറിവേറ്റത്. കൈ മുട്ടിന് മുകളിലാണ് ആഴത്തില്‍ മുറിവ്. തൃശൂര്‍ അമല ആശുപത്രിയിലാണ് ആദ്യം ചികില്‍സ തേടിയത്. രണ്ട് മണിക്കൂറിലധികം അത്യാഹിത വിഭാഗത്തില്‍ കിടത്തിയ ശേഷം ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തംവാര്‍ന്നു മരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജന്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.

മരിച്ച ഷൈജുവിന്റെ ഭാര്യ ഏഴു മാസം ഗര്‍ഭിണിയാണ്. മരണത്തില്‍ രോഷാകുലരായ നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു. തളളിക്കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന പൊലീസിന്റെ ഉറപ്പില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി. അതേസമയം, ചികില്‍സ വൈകിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.