LiveTV

Live

Kerala

സിപിഎമ്മിന്‍റെ പിന്തുണ കൊണ്ട്‌ കോൺഗ്രസിന്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നുമില്ല: വി ടി ബല്‍റാം

സിപിഎമ്മിന്‍റെ പിന്തുണ കൊണ്ട്‌ കോൺഗ്രസിന്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നുമില്ല: വി ടി ബല്‍റാം
Summary
ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കും എന്ന ഇഎംഎസിന്റെ പഴയ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സിപിഎമ്മും അതിന്‍റെ കേരളത്തിലെ നേതാക്കളുമെന്ന് വി ടി ബല്‍റാം.

സിപിഎമ്മിന്‍റെ പിന്തുണ കൊണ്ട്‌ കോൺഗ്രസിന്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നും കിട്ടാനില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സിപിഎമ്മിന്റെ പിന്തുണ ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഈ ഫാഷിസ്റ്റ്‌ കാലത്ത്‌ ചെറുതും വലുതുമായ എല്ലാ മതേതര കക്ഷികളുടേയും ഒരു ബൃഹദ്‌സഖ്യം ഉണ്ടായിവരണമെന്ന് കോൺഗ്രസ്‌ ആഗ്രഹിക്കുന്നുണ്ടെന്നും വി ടി ബല്‍റാം ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

എന്നാല്‍ ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കും എന്ന ഇഎംഎസിന്റെ പഴയ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സിപിഎമ്മും അതിന്‍റെ കേരളത്തിലെ നേതാക്കളും. അതുകൊണ്ട് കോണ്‍ഗ്രസ് ബന്ധത്തേക്കുറിച്ച് സിപിഎം ഇടക്കിടെ നടത്തിവരുന്ന ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ തങ്ങളിവിടെ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാനും മറ്റ് എന്തില്‍നിന്നൊക്കെയോ ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയുമുള്ള അവരുടെ കൗശലം മാത്രമാവാനേ തരമുള്ളൂവെന്നും ബല്‍റാം അഭിപ്രായപ്പെട്ടു.

കോൺഗ്രസിനോട്‌ അയിത്തം പാലിക്കാൻ സിപിഎമ്മും അതിന്റെ ബുദ്ധിജീവികളും സ്ഥിരമായി പറയുന്ന കാരണമെന്നത്‌ കോൺഗ്രസിന്റെ "തെറ്റായ" സാമ്പത്തിക നയമാണെന്നതാണ്‌. എന്നാൽ എന്താണ്‌ ഇവർക്ക്‌ മുന്നോട്ടുവെക്കാനുള്ള "ശരിയായ" സാമ്പത്തിക നയം എന്നോ ലോകത്തെവിടെയാണ്‌ ആ നയങ്ങൾ വിജയകരമായി പ്രവർത്തിക്കുന്നത്‌ എന്നോ ഇന്ത്യൻ സാഹചര്യങ്ങളിൽ അത്‌ വിജയിക്കുമെന്നതിന്‌ എന്താണുറപ്പ്‌ എന്നോ ഒരിക്കലും ജനങ്ങൾക്ക്‌ മനസ്സിലാവുന്ന മട്ടിൽ വിശദീകരിക്കാൻ അവർക്കായിട്ടില്ല. സ്ഥിരം താത്വിക വിശകലനങ്ങൾക്കും ബാലിശ ഒഴിവുകഴിവുകൾക്കും പ്രത്യയശാസ്ത്ര ഇരട്ടത്താപ്പുകൾക്കുമപ്പുറം പ്രായോഗികവും പ്രയോജനക്ഷമവുമായ ഒരു സമഗ്ര സാമ്പത്തികനയം ഇന്ത്യയിലെ മാർക്സിസ്റ്റ്‌ ഇടതുപക്ഷത്തിന്‌ ഒരു കാലത്തും മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ലോകത്തെവിടെയും മാർക്സിയൻ സാമ്പത്തികക്രമം വിജയകരമായി നിലനിൽക്കുന്നില്ലെന്നും ബല്‍റാം നിരീക്ഷിച്ചു.

കോൺഗ്രസിന്റേയും ബിജെപിയുടേയും സാമ്പത്തിക നയങ്ങൾ ഒരേ മട്ടിലുള്ളതാണെന്ന് സിപിഎമ്മുകാരുടെ പതിവ്‌ ആക്ഷേപമാണ്‌. സിപിഎമ്മിനെ സംബന്ധിച്ച്‌ ഈ ന്യായങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കാതിരിക്കാനുള്ള വെറും ഒഴിവുകഴിവ്‌ മാത്രമാണ്‌. കാരണം ഇന്ന് സിപിഎമ്മും ഒരു പരിധിവരെ സിപിഐയും ഒഴിച്ച്‌ ഇന്ത്യയിലെ മറ്റ്‌ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിശദാംശങ്ങളിൽ നേരിയ ഭിന്നത കാണുമെങ്കിലും പൊതുവായ സാമ്പത്തിക നയത്തേക്കുറിച്ച്‌ സമാനാഭിപ്രായമാണുള്ളത്‌. അതുകൊണ്ടാണ്‌ തൊണ്ണൂറുകൾക്ക്‌ ശേഷം വന്ന എല്ലാ സർക്കാരുകളും കോൺഗ്രസ്‌ തുടങ്ങിവെച്ച സാമ്പത്തിക പരിഷ്ക്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോയത്‌. കോൺഗ്രസിനും ബിജെപിക്കും ബദലായി സിപിഎം ഉണ്ടാക്കുമെന്ന് കിനാവ്‌ കാണുന്ന മതേതര മുന്നണിയിലെ മറ്റ്‌ ഏത്‌ കക്ഷിക്കാണ്‌ കോൺഗ്രസിന്റേതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യാസപ്പെട്ട സാമ്പത്തിക നയമുള്ളത്‌? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ഉയർത്തിക്കാട്ടിയിരുന്ന ജയലളിതക്ക്‌ മാർക്സിസ്റ്റ്‌ സാമ്പത്തിക നയമായിരുന്നോ ഉണ്ടായിരുന്നതെന്നും ബല്‍റാം ചോദിക്കുന്നു.

മോദിയുടെ ക്രോണി കാപ്പിറ്റലിസം ഇന്ത്യയുടെ യഥാർത്ഥ സാമ്പത്തിക പരിഷ്ക്കരണത്തെ താളം തെറ്റിക്കുന്നതാണ്‌. മോദി സർക്കാർ ചെറുകിട മേഖലയെ ഇല്ലാതാക്കുകയാണ്‌. ഇന്ത്യയിലെ സാധാരണ ജനങ്ങളെ മുന്നിൽക്കണ്ട്‌ യുപിഎ സർക്കാർ നടപ്പാക്കിയ അവകാശാധിഷ്ഠിത ക്ഷേമപദ്ധതികളും മോദി സർക്കാർ ഇല്ലാതാക്കി. അതോടൊപ്പം നോട്ടുനിരോധനത്തിലൂടെയും ജിഎസ്‌ടിയിലൂടെയുമൊക്കെ ഒട്ടും ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ നയവിഡ്ഢിത്തങ്ങളും കാര്യക്ഷമതാരാഹിത്യവും എതിർക്കപ്പെടേണ്ടതുണ്ട്‌. രാജ്യചരിത്രത്തിന്റെ ഒരു നിർണ്ണായക നിമിഷത്തിലും സിപിഎമ്മിന്റെ നയങ്ങൾ തീരുമാനിക്കപ്പെടുന്നത്‌ വിശാലമായ ദേശീയതാത്പര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ പ്രാദേശികമായ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ വെച്ച്‌ മാത്രമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് പറഞ്ഞാണ് ബല്‍റാം ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.