LiveTV

Live

Kerala

ബോണക്കാട്ട് കുരിശുമല തീര്‍ഥാടനം: സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്ന് ഇടയലേഖനം

ബോണക്കാട്ട് കുരിശുമല തീര്‍ഥാടനം: സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്ന് ഇടയലേഖനം
Summary
ബോണക്കാട്ട് കുരിശുമല തീര്‍ഥാടനത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാറിനെതിരെ ഇടയലേഖനം

ബോണക്കാട് കുരിശുമലയിലെ ആരാധനാ സ്വാതന്ത്യ്രത്തിനായി സമരം ശക്തമാക്കുമെന്ന് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയ ലേഖനം. ബിഷപ്പ് ഡോ. വിന്‍സന്‍റ് സാമുവലിന്‍റെ ഇടയ ലേഖനം രൂപതയിലെ എല്ലാ പള്ളികളിലും ഇന്ന് രാവിലെ വായിച്ചു. കുരിശ് തകര്‍ക്കാര്‍ വര്‍ഗീയ ശക്തികള്‍ക്കൊപ്പം സര്‍ക്കാര്‍ കൂട്ടുനിന്നെന്നും ഇടയ ലേഖനം കുറ്റപ്പെടുത്തുന്നു.

നേരത്തെ കുരിശ് തകര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയുമായും വനം മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അന്യായമായി വിശ്വാസികള്‍ക്കും വൈദികര്‍ക്കുമെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നും ആരാധനാ സ്വാതന്ത്ര്യമനുവദിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. അത് പാലിച്ചില്ല. സര്‍ക്കാരിലുണ്ടായ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ വര്‍ഗീയ ശക്തികള്‍ക്ക് കുടപിടിച്ചെന്നും ഇടയ ലേഖനം കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബോണക്കാട് പൊലീസ് വിശ്വാസികളെ തല്ലിച്ചതച്ചത് നിന്ദ്യവും പൈശാചികവുമായ നരനായാട്ടായിരുന്നു. നീതിയും ന്യായവും പുലരാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെങ്കില്‍ മൌനം വെടിയണം. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ഇടയ ലേഖനത്തില്‍ പറയുന്നു.

ചൊവ്വാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസത്തില്‍ തന്നോടൊപ്പം എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്നും ബിഷപ്പ് വിന്‍സന്‍റ് സാമുവല്‍ ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടു. തീര്‍ഥാടനം അനുവദിക്കും വരെ സമരം നടത്തുമെന്നും ഇടയലേഖനം വ്യക്തമാക്കി.