LiveTV

Live

Kerala

ഓൺ ലൈൻ ടാക്സി; എറണാകുളത്ത് യൂണിയൻ പോര് മുറുകുന്നു

ഓൺ ലൈൻ ടാക്സി; എറണാകുളത്ത് യൂണിയൻ പോര് മുറുകുന്നു
Summary
സ്വകാര്യ ഓൺലൈൻ ടാക്സി കമ്പനിക്ക് റെയിൽവേ സ്റ്റേഷനുകളിൽ കരാറടിസ്ഥാനത്തിൽ കിയോസ്കുകൾ അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചതാണ് ഓട്ടോ - ടാക്സി തൊഴിലാളികളെ പ്രകോപിപ്പിച്ചിരിക്കുന്നത്

ഓൺ ലൈൻ ടാക്സി കമ്പനികൾക്ക് റെയിൽവേ സ്റ്റേഷനിൽ കിയോസ് കും പാർക്കിങ്ങ് ബേയും അനുവദിച്ചതിൽ പ്രതിഷേധിച്ച് എറണാകുളത്ത് ഓട്ടോ തൊഴിലാളികൾ റിലേ നിരാഹര സമരം തുടങ്ങി. റെയിൽവേ തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.അതേ സമയം തങ്ങളുടെ തൊഴിൽ തടസപ്പെടുത്തിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ പറഞ്ഞു.

സ്വകാര്യ ഓൺലൈൻ ടാക്സി കമ്പനിക്ക് റെയിൽവേ സ്റ്റേഷനുകളിൽ കരാറടിസ്ഥാനത്തിൽ കിയോസ്കുകൾ അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചതാണ് ഓട്ടോ - ടാക്സി തൊഴിലാളികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇവർക്ക് വാഹനം പാർക്ക് ചെയ്യാൻ പാർക്കിങ് ബേയും അനുവദിച്ചു.ഇതോടെ പ്രത്യക്ഷ സമരത്തിലേക്ക് ഓട്ടോ ടാക്സി തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി തീരുമാനിക്കുകയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് മുൻപിലാണ് സംയുക്ത സമരസമിതിയുടെ റിലേ നിരാഹാര സമരം തുടങ്ങിയത്.

എന്നാൽ തങ്ങൾ ഒരു തൊഴിലാളി സംഘടനകൾക്കും എതിരല്ലെന്നാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ നിലപാട്. കുത്തക കമ്പനികൾക്കെതിരായ സമരം സാധാരണ ഓൺലൈൻ തൊഴിലാളികളെ ഉപദ്രവിച്ച് കൊണ്ടാകരുതെന്ന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ പറഞ്ഞു.

ഓൺലൈൻ ടാക്സി തൊഴിലാളികളെ കുറിച്ച് തൊഴിലാളി സംഘടനകളുടെ നിലപാട് കോടതിയിൽ തങ്ങൾ നൽകിയ കേസിൽ കക്ഷി ചേർന്ന് അറിയിക്കണമെന്നും ഒ.ഡി.ടി.യു നേതാക്കൾ ആവശ്യപ്പെട്ടു.