LiveTV

Live

Kerala

പുരുഷന്‍ ഏലൂരിനെതിരെ ജാമ്യമില്ലാക്കേസ്

പുരുഷന്‍ ഏലൂരിനെതിരെ ജാമ്യമില്ലാക്കേസ്
Summary
അതേസമയം, കള്ളക്കേസില്‍ക്കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പുരുഷന്‍ ഏലൂര്‍ പ്രതികരിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. വ്യാജമായി വിവരാവകാശ രേഖ നിര്‍മിച്ചുവെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കള്ളക്കേസില്‍ക്കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പുരുഷന്‍ ഏലൂര്‍ പ്രതികരിച്ചു.

പെരിയാര്‍ മലീനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസിലെ വാദിയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഷിബു മാനുവല്‍ സമര്‍പ്പിച്ച വിവരാവകാശ രേഖ വ്യാജമാണെന്നാണ് സിഎംആര്‍എല്‍ കമ്പനിയുടെ വാദം. എന്‍വയണ്‍മെന്റല്‍ സര്‍വയലന്‍സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കൈമാറിയിരുന്നു. എന്നാല്‍ ഡിസ്കളറേഷന്‍ ഓഫ് ദ റിവര്‍ പെരിയാര്‍ എന്ന പേരിലുള്ള റിപ്പോര്‍ട്ട് ഷിബു മാനുവലും പുരുഷന്‍ ഏലൂരും വ്യാജമായി നിര്‍മിച്ചുവെന്നാണ് പരാതി. ഇതേത്തുടര്‍ന്നാണ് ഏഴ് വകുപ്പുകള്‍ ചുമത്തി വരാപ്പുഴ പൊലീസ് കേസെടുത്തത്. അറസ്റ്റിലായ ഒന്നാം പ്രതി ഷിബു മാനുവലിനെ റിമാന്‍ഡ് ചെയ്തു. തനിക്കെതിരെ നടക്കുന്നത് ഗൂഡാലോചനയാണെന്ന് പുരുഷന്‍ ഏലൂര്‍ പ്രതികരിച്ചു.

ഇത്തരത്തിലൊരു റിപ്പോര്‍ട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥ മൊഴി നല്‍കിയതായാണ് പൊലീസ് വാദം. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ് പരാതിക്കാധാരം. ഇത്തരത്തിലൊരു രേഖ ഏതെങ്കിലും കേസ് ആവശ്യത്തിനായി ഉപയോഗിക്കാത്ത പുരുഷന്‍ ഏലൂരിനെ കേസില്‍ പ്രതിയാക്കിയത് സിഎംആര്‍എല്‍ കമ്പനിയുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നാണ് ആക്ഷേപം. ഏലൂര്‍ സ്റ്റേഷനിലോ സെന്‍ട്രല്‍ സ്റ്റേഷനിലോ എടുക്കേണ്ട കേസ് വരാപ്പുഴ സ്റ്റേഷനിലെത്തിയത് ഗൂഡാലോചനയുടെ തെളിവാണെന്നും ആരോപണമുണ്ട്.