LiveTV

Live

Kerala

ഫിസിയോ തെറാപ്പിസ്റ്റ് നിയമനത്തില്‍ ക്രമക്കേട്

Summary
നടക്കാന്‍ പോകുന്നത് നിയമവിരുദ്ധമായ കാര്യങ്ങളെന്ന ഓഫീസ് സൂപ്രണ്ടിന്റെ മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു

ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ കരാര്‍ നിയമനത്തില്‍ ക്രമക്കേട് നടന്നതിന്റെ തെളിവുകള്‍ മീഡിയവണിന്. നടക്കാന്‍ പോകുന്നത് നിയമവിരുദ്ധമായ കാര്യങ്ങളെന്ന ഓഫീസ് സൂപ്രണ്ടിന്റെ മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി ലഭിച്ചിട്ടും ശരിയായ അന്വേഷണം നടന്നില്ലെന്നും ആരോപണമുണ്ട്.

ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയിലെ ജെറിയാട്രിക് കെയര്‍ സെന്ററില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റാങ്ക് ലിസ്റ്റ് പുറത്തു വന്നപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തന്നെ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരും വയോജന ക്ഷേമ പരിപാടികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരുമൊക്കെ പിറകിലും കോഴ്‌സ് കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ടയാള്‍ ലിസ്റ്റില്‍ ഏറ്റവും മുന്നിലുമായിരുന്നു. റാങ്ക് ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളയാളെ നിയമിക്കുകയും ചെയ്തു.

ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമെങ്കിലും ഉണ്ടായിരിക്കണമെന്നായിരുന്നു ഇതിനായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ പ്രധാന നിബന്ധന. എന്നാല്‍ കോഴ്‌സ് പാസ്സായി മാസങ്ങള്‍ മാത്രം കഴിഞ്ഞ വ്യക്തിയ്ക്ക് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ലഭിച്ചിട്ടില്ലാത്ത അവസ്ഥയിലാണ് 32500 രൂപ പ്രതിമാസ വേതനമുള്ള ജോലിയില്‍ നിയമനം നല്‍കിയത്. നടക്കാന്‍ പോകുന്നത് നിയമവിരുദ്ധമായ കാര്യങ്ങളാണെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിലയിരുത്തിയ ഓഫീസ് സുപ്രണ്ട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാണ്.

കൂടുതല്‍ പ്രവൃത്തി പരിചയവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും കൃത്യമായ അന്വേഷണം ഇക്കാര്യത്തില്‍ നടന്നില്ല. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും തയ്യാറായില്ല.