LiveTV

Live

Kerala

കുമ്മനടി മുതല്‍ റിലാക്സേഷന്‍ വരെ... 2017 ല്‍ ട്രോളന്‍മാര്‍ ഹിറ്റാക്കിയ അഞ്ച് വാക്കുകള്‍

കുമ്മനടി മുതല്‍ റിലാക്സേഷന്‍ വരെ... 2017 ല്‍ ട്രോളന്‍മാര്‍ ഹിറ്റാക്കിയ അഞ്ച് വാക്കുകള്‍
Summary
ഒരു കാലത്ത് ചാക്യാര്‍കൂത്തും ഓട്ടന്‍ തുള്ളലും ചെയ്തിരുന്ന ജോലിയാണ് ഇന്ന് ട്രോളുകള്‍ക്ക്.

നവമാധ്യമങ്ങളില്‍ ഇന്ന് അരങ്ങുവാഴുന്നത് ട്രോളുകളാണ്. ട്രോളന്‍മാരാണ് താരങ്ങള്‍. ജാതി, മത ചിന്തകളും രാഷ്ട്രീയ വ്യത്യാസങ്ങളുമില്ലാതെ പ്രായഭേദമന്യേ ഏവരും ആസ്വദിക്കുന്ന ട്രോളുകള്‍ക്കൊപ്പം വിമര്‍ശനാത്മക ട്രോളുകളും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഒരു കാലത്ത് ചാക്യാര്‍കൂത്തും ഓട്ടന്‍ തുള്ളലും ചെയ്തിരുന്ന ജോലിയാണ് ഇന്ന് ട്രോളുകള്‍ക്ക്. ഹാസ്യകഥാപ്രസംഗങ്ങളുടെയും പാരഡി പാട്ടുകളുടെയും ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികളുടെയും കാലം കഴിഞ്ഞപ്പോള്‍ നവമാധ്യമങ്ങളില്‍ പിറവിയെടുത്തവയാണ് ട്രോളുകള്‍. ട്രോളന്‍മാരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ എന്തിനേയും ഏതിനേയും തേച്ചൊട്ടിക്കുകയാണ് ഇവിടെ. ട്രോളന്‍മാര്‍ 2017 ല്‍ നല്‍കിയ സംഭാവനകള്‍ കുറച്ചൊന്നുമല്ല. കുമ്മനടിയും അമിട്ടടിയും തുടങ്ങി കുറേയുണ്ട് ട്രോള്‍ ബുക്കില്‍ 2017 പുതിയ വാക്കുകള്‍.

കുമ്മനടി മുതല്‍ റിലാക്സേഷന്‍ വരെ... 2017 ല്‍ ട്രോളന്‍മാര്‍ ഹിറ്റാക്കിയ അഞ്ച് വാക്കുകള്‍

കുമ്മനടി

ഈ വര്‍ഷം കടന്നുപോകുമ്പോള്‍ നവമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ച വാക്കുകളില്‍ ഒന്നായിരിക്കും കുമ്മനടി. കൊച്ചി മെട്രോ ഉദ്ഘാടനത്തോടൊപ്പം ട്രോളന്‍മാരുടെ സംഭാവനയായിരുന്നു കുമ്മനടിയെന്ന വാക്ക്. വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞുകയറി വരുന്നവര്‍ക്കുള്ള ഒരു അടിയായിരുന്നു കുമ്മനടി. മെട്രോ ഉദ്ഘാടനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇടിച്ചുകയറിയതായിരുന്നു കുമ്മനടിയിലേക്ക് ട്രോളന്‍മാരുടെ ചിന്തകളെ എത്തിച്ചത്. ഏതായാലും അടുത്തിടെ കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുട്ടിയാനക്ക് പേരിടാന്‍ സോഷ്യല്‍മീഡിയയില്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിച്ചതും കുമ്മനാനയെന്നായിരുന്നു.

അമിട്ടടി

ഏതു പരിപാടി വച്ചാലും അതിലുണ്ടാകും ഒരു അമിട്ടടിക്കാരന്‍. എല്ലാത്തിനും സമ്മതം, ഞാനുണ്ടാകും മുമ്പില്‍ എന്നൊക്കെ പറഞ്ഞ് ആവേശമുണ്ടാക്കിയ ശേഷം അവസാന നിമിഷം മുങ്ങുന്നയാള്‍. ബിജെപി ജനരക്ഷായാത്ര ആരംഭിച്ച ശേഷം യാത്രക്ക് പ്രതീക്ഷിച്ചത്ര തിരയിളക്കമുണ്ടാകാതെ വന്നതോടെ അമിത് ഷാ നൈസായിട്ട് ഡല്‍ഹിക്ക് വലിഞ്ഞപ്പോഴായിരുന്നു ട്രോളന്‍മാര്‍ അമിട്ടടിയെ പടച്ചുവിട്ടത്.

ഒഎംകെവി

ട്രോള്‍ ഗ്രൂപ്പുകളില്‍ കാലങ്ങളായി പറഞ്ഞുപഴകിയതാണെങ്കിലും അടുത്തിടെ നടി പാര്‍വതി എടുത്ത് അലക്കിയതോടെയാണ് ഒഎംകെവി വീണ്ടും 'പ്രതാപം' വീണ്ടെടുത്തത്. പലരും പല വ്യാഖ്യാനങ്ങളും തരുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ സംഭവം 'ഉഗ്രനൊരു തെറി'യാണെന്നാണ് സോഷ്യല്‍മീഡിയയിലെ വാദം.

റിലാക്സേഷന്‍

ഇതൊരു പുതിയ വാക്കൊന്നുമല്ലെങ്കിലും ഇതിനെ ഇത്രത്തോളം മലയാളീകരിച്ചത് ട്രോളന്‍മാര്‍ തന്നെയാണ്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഷീല കണ്ണന്താനത്തോടാണ് ഈ വാക്കിന് ട്രോളന്‍മാരുടെ കടപ്പാട്. റിലാക്സേഷന്‍ വച്ച് റീമിക്സ് പാട്ടുകള്‍ വരെ ട്രോളന്‍മാര്‍ ഇറക്കിയിരുന്നു.

തള്ളന്താനം

അറിഞ്ഞോ അറിയാതെയോ കുറച്ചൊക്കെ പൊങ്ങച്ചം പറയാത്തവര്‍ ആരുമുണ്ടാകില്ല. മുന്‍കാലങ്ങളില്‍ അത്തരക്കാരെ സ്വയം പൊങ്ങിയെന്നൊക്കെ വിളിക്കുന്നവരുണ്ടായിരുന്നു. ഇതിനെ ചുരുക്കി എസ്‍പി എന്നും വിളിച്ചിരുന്നു. എന്നാല്‍ ഇവരുടെ തള്ള് പരിധിക്കപ്പുറമാകുമ്പോഴാണ് ട്രോളന്‍മാര്‍ക്ക് ഇക്കൂട്ടര്‍ തള്ളന്താനമാകുന്നത്. ഈ വാക്കിന്റെ പിറവിക്ക് കാരണക്കാരനായതും അല്‍ഫോന്‍സ് കണ്ണന്താനം തന്നെയാണ്.