LiveTV

Live

Kerala

ആര്‍ഡിഒയുടെ ഉത്തരവ് കാറ്റില്‍ പറത്തി കോട്ടയം ചമ്മനംപടിയില്‍ തണ്ണീര്‍തടം നികത്തുന്നു

ആര്‍ഡിഒയുടെ ഉത്തരവ് കാറ്റില്‍ പറത്തി കോട്ടയം ചമ്മനംപടിയില്‍ തണ്ണീര്‍തടം നികത്തുന്നു
Summary
വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ നെല്‍ കൃഷിയിറക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിനും ഇത് തിരിച്ചടിയായിരിക്കുകയാണ്

കോട്ടയം ചമ്മനംപടിയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ വ്യക്തി തണ്ണീര്‍ത്തടം നികത്തുന്നു. 2004ല്‍ വീട് നിര്‍മ്മിക്കാന്‍ നല്കിയ അനുമതിയുടെ മറവിലാണ് ഒന്നരയേക്കറോളം നെല്‍വയല്‍ നികത്തുന്നതെന്നാണ് പരാതി. നികത്തല്‍ തടഞ്ഞുകൊണ്ടുള്ള ആര്‍ഡിഒയുടെ ഉത്തരവ് ലംഘിച്ചാണ് നികത്തല്‍ തുടരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ നെല്‍ കൃഷിയിറക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിനും ഇത് തിരിച്ചടിയായിരിക്കുകയാണ്.

2003ല്‍ പെരുന്പായിക്കാട് വില്ലേജില്‍പെട്ട റീസര്‍വേ നമ്പര്‍ 132/2-1 എന്ന അഞ്ച് സെന്റ് തണ്ണീര്‍ത്തടമാണ് നികത്തി വീട് വെക്കാന്‍ വിദേശ മലയാളിയായ സ്വകാര്യ വ്യക്തിക്ക് കോട്ടയം ആര്‍ഡിഒ അനുമതി നല്കിയത്. 2004 ഇത് പതിനഞ്ച് സെന്റായി ഉയര്‍ത്തി നല്കുയും ചെയ്തു. എന്നാല്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഇവിടെ വീട് ഇദ്ദേഹം വീട് നിര്‍മ്മിച്ചില്ല. തുടര്‍ന്നാണ് സമീപത്തുള്ള ഒന്നരേയേക്കര്‍ തണ്ണീര്‍തടവും കൂടി വാങ്ങി മണ്ണിട്ട് നികത്താന്‍ ആരംഭിച്ചത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട്മാസം മുന്‍പ് നികത്തില്‍ നിര്‍ത്തിവെക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിലക്കും ലംഘിച്ചാണ് നിലം നികത്തല്‍ തുടരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്‍തോതില്‍ നെല്‍കൃഷി നടന്നിരുന്ന പ്രദേശമാണിത്. എന്നാല്‍ വെള്ളത്തിന്റെ ലഭ്യതകുറവ് മൂലം കൃഷി നിന്ന് പോകുയായിരുന്നു. സമീപത്തെ തോട് താഴ്ത്തി വെള്ളമെത്തിച്ച് കൃഷി ഇറക്കാന്‍ നാട്ടുകാരും കൃഷി വകുപ്പും ശ്രമിക്കുന്നതിനിടയിലാണ് തിടുക്കത്തിലുള്ള ഇൌ നികത്തല്‍.