LiveTV

Live

Kerala

ഭൂമി കച്ചവട വിവാദത്തില്‍ സിറോ മലബാര്‍ സഭയുടെ അച്ചടക്ക നടപടി

ഭൂമി കച്ചവട വിവാദത്തില്‍ സിറോ മലബാര്‍ സഭയുടെ അച്ചടക്ക നടപടി
Summary
ഇടക്കാല റിപ്പോര്‍ട്ടില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവയെ പദവിയില്‍ നിന്ന് നീക്കിയതായി രൂപത വക്താവ് പോള്‍ കരോ‍‍ടന്‍ മീഡിയവണിനോട് പറഞ്ഞു

എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവട വിവാദത്തില്‍ സിറോ മലബാര്‍ സഭയുടെ അച്ചടക്ക നടപടി. ഇടക്കാല റിപ്പോര്‍ട്ടില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവയെ പദവിയില്‍ നിന്ന് നീക്കിയതായി രൂപത വക്താവ് പോള്‍ കരോ‍‍ടന്‍ മീഡിയവണിനോട് പറഞ്ഞു. ഭൂമി ഇടപാടില്‍ 34 കോടി രൂപ ഇനിയും രൂപതയ്ക്ക് ലഭിക്കാനുണ്ടെന്നും സഭാ വക്താവ് സ്ഥിരീകരിച്ചു.

സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി രൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന 3 ഏക്കര്‍ സ്ഥലം വില്‍പന നടത്തിയിരുന്നു. എന്നാല്‍ വിപണി വിലയുടെ മൂന്നിലൊന്ന് തുക മാത്രമാണ് ഇതുവരെ രൂപതയ്ക്ക് ലഭിച്ചത്. ഇത് രൂപതാ സമിതികളില്‍ വന്‍ വിവാദത്തിനാണ് വഴിതുറന്നത്. ഇടനിലക്കാരുടെ കയ്യില്‍ നിന്ന് ഇനി 34 കോടിരൂപ ലഭിക്കാനുണ്ടെന്ന് രൂപതാ വക്താവ് മീഡിയവണിനോട് സ്ഥിരീകരിച്ചു.‌

വിഷ‌യം പഠിക്കാന്‍‌ ഫാദര്‍ ബെന്നി മേനാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയെ രൂപത നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് പാസ്റ്ററല്‍ കൌണ്‍സിലില്‍ അവതരിപ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ശക്തമായ വിമര്‍ശമാണ് കൌണ്‍സിലില്‍ ഉയര്‍ന്നത്. സുതാര്യതക്കുറവുണ്ടായതായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കത്ത് മുഖേന യോഗത്തെ അറിയിച്ചു.

വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയക്കും. ഫാദര്‍ പോള്‍ കരേടന്‍ - വക്താവ് എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടുകള്‍ നടത്തിയ ഫാദര്‍ ജോഷി പുതുവയെ രൂപത പ്രൊക്യുറേറ്റര്‍ പദവിയില്‍ നിന്ന് ‌നീക്കി. അടുത്ത സിറോ മലബാര്‍ സഭാ സിനഡ് വിഷയം ചര്‍ച്ച ചെയ്യും.