LiveTV

Live

Kerala

അഗതികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷം; വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവം

അഗതികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷം; വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവം
Summary
ആലപ്പുഴ തലവടി സ്നേഹഭവനിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഇവരുടെ ആഘോഷം

അനാഥരും അഗതികളുമായ വയോജനങ്ങള്‍ക്കൊപ്പം പാട്ടും കളിയും ചിരിയുമായി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്രിസ്മസ് ആഘോഷം. ചമ്പക്കുളം ഫാദര്‍ തോമസ് പോരൂക്കര സെന്‍ട്രല്‍ സ്കൂളിലെയും തലവടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിലെയും വിദ്യാര്‍ത്ഥികളാണ് ആരോരുമില്ലാത്തവര്‍ക്കൊപ്പം ക്രിസ്മസിനെ സാര്‍ത്ഥകമാക്കിയത്. ആലപ്പുഴ തലവടി സ്നേഹഭവനിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഇവരുടെ ആഘോഷം.

അപ്രതീക്ഷിതമായി തനിക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ കൊച്ചുമക്കളെ കണ്ടതിന്റെ സന്തോഷത്തിലാണ് 92കാരിയായ ലക്ഷ്മിഅമ്മ പണ്ട് നാലാം ക്ലാസില്‍ പഠിച്ച തിരുപ്പിറവിയുടെ പാട്ട് ഇങ്ങനെ ഓര്‍ത്തെടുത്ത് പാടുന്നത്. ലക്ഷ്മി അമ്മ മാത്രമല്ല, സ്നേഹഭവനിലെ അന്തേവാസികളെല്ലാവരും അതേ മാനസികാവസ്ഥയിലായിരുന്നു. അദ്ധ്യാപകരോടൊപ്പം എത്തിയ കുട്ടികളും സ്നേഹഭവനിലെ അന്തേവാസികളും ചേര്‍ന്ന് തോരണങ്ങള്‍ തൂക്കി, ക്രിസ്തുമസ് പാട്ടുകള്‍ പാടി.

പിന്നെ കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചു. വെറും ആഘോഷത്തിനപ്പുറം പുതിയ വെളിച്ചമാണ് സ്നേഹഭവന്‍ സന്ദര്‍ശനത്തില്‍ നിന്ന് കുട്ടികള്‍ക്ക് ലഭിച്ചത്. ജീവിത സായന്തനത്തില്‍ ഒറ്റപ്പെട്ടു പോയവരുടെ നിസ്സഹായത കണ്ടറിഞ്ഞതിന്റെ നൊമ്പരം, ഒരു ദിവസമെങ്കിലും അവര്‍ക്ക് സന്തോഷം പകരാനായതിന്റെ ചാരിതാര്‍ത്ഥ്യം ഇങ്ങനെ സമ്മിശ്ര വികാരങ്ങളോടെയാണ് കുട്ടികളും അദ്ധ്യാപകരും സ്നേഹഭവനില്‍ നിന്ന് മടങ്ങിയത്.