LiveTV

Live

Kerala

ആനത്താരയിലൂടെ റോഡ് നിര്‍മാണം; വനംവകുപ്പ് നിര്‍ത്തിവെച്ചു

ആനത്താരയിലൂടെ റോഡ് നിര്‍മാണം; വനംവകുപ്പ് നിര്‍ത്തിവെച്ചു
Summary
റോഡിനെതിരെ വിമര്‍ശങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് നിര്‍മാണം നിര്‍ത്തിവെക്കുന്നതെന്ന് ഡിഎഫ്ഒ അറിയിച്ചു

വയനാട് പനവല്ലിയില്‍ ആനത്താരയിലൂടെയുള്ള റോഡ് നിര്‍മാണം വനംവകുപ്പ് നിര്‍ത്തിവെച്ചു. റോഡിനെതിരെ വിമര്‍ശങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് നിര്‍മാണം നിര്‍ത്തിവെക്കുന്നതെന്ന് ഡിഎഫ്ഒ അറിയിച്ചു. വനംവകുപ്പിന്റെ അനുമതിയോടെ അതീവ പരിസ്ഥിതി ലോല പ്രദേശത്തിലൂടെയുള്ള റോഡ് നിര്‍മാണം മീഡിയവണ്‍ റിപ്പോര്‍ട് ചെയ്തിരുന്നു.

നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റേഞ്ചില്‍ ആനകളെ സ്ഥിരമായി കാണുന്ന പനവല്ലിയില്‍ നിന്നും അപ്പപ്പാറയിലേക്കാണ് റോഡ് നിര്‍മാണം ആരംഭിച്ചിരുന്നത്. കാടിന് നടുവിലൂടെ കടന്നുപോകുന്ന തോടിനു കുറുകെ കലുങ്കും നിര്‍മിച്ചിരുന്നു. നിര്‍മാണം വിവാദമായതിനെ തുടര്‍ന്നാണ് താത്കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ പറഞ്ഞു.

രാജ്യത്തെ പ്രധാനപ്പെട്ട 9 ആനത്താരകളില്‍ ഒന്നായ പനവല്ലിയിലെ വനഭൂമിയിലൂടെ റോഡ് നിര്‍മിക്കുന്നത് ഈ മേഖലയിലെ റിസോര്‍ട്ട് മാഫിയയുടെ താല്പര്യത്തിനു വേണ്ടിയാണെന്നാണ് ആരോപണം. എന്നാല്‍ വനംവകുപ്പ് റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിയത് ആദിവാസികള്‍ക്കു വേണ്ടിയാണ് എന്നാണ് ഡിഎഫ്ഒ പറയുന്നത്. റോഡ് നിര്‍മാണം നിര്‍ത്തിവെക്കുന്ന തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി സിപിഎം നേതൃത്വത്തില്‍ ജനകീയ സമിതി രംഗത്തെത്തിയിട്ടുണ്ട്.
സ്ഥലം എംഎല്‍എയുടെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മാണം നടന്നത്.