LiveTV

Live

Kerala

ഗെയില്‍ പൈപ്പ് ലൈന്‍; സമരത്തിലേക്ക് വീണ്ടും നീങ്ങാന്‍ സമരസമിതി തീരുമാനം

ഗെയില്‍ പൈപ്പ് ലൈന്‍; സമരത്തിലേക്ക് വീണ്ടും നീങ്ങാന്‍ സമരസമിതി തീരുമാനം
Summary
19 ന് രാവിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുക.

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന സമരത്തിലേക്ക് വീണ്ടും നീങ്ങാന്‍ സമരസമിതി തീരുമാനം. 19 ന് രാവിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുക. സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സമരത്തിന് എത്തുന്ന സ്ത്രീകളെ നേരിടാന്‍ വനിതാ പോലീസിന് പ്രത്യേക പരിശീലനം നല്‍കി.

പ്രധാന ആവശ്യങ്ങളോട് സര്‍ക്കാര്‍ ഇതുവരെ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ലെന്നാണ് സമര സമിതിയുടെ നിലപാട്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നത് അംഗീകരിച്ചില്ല. കൃത്യമായ രേഖ പോലും നല്‍കാന്‍ തയ്യാറായില്ല. അതിനാല്‍ കുടില്‍ കെട്ടി പ്രതിഷേധം അവസാനിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടുന്നതിലേക്ക് 19 മുതന്‍ നീങ്ങാനാണ് തീരുമാനം.

സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നാണ് ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ റിപോര്‍ട്ട്. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പോലീസ് നടപടിയെ ചെറുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ സമരരംഗത്തുള്ള സ്ത്രീകളെ നേരിടാനായി വനിതാ പോലീസിന് മുക്കത്ത് വെച്ച് പ്രത്യേക പരിശീലനവും നല്‍കി. സമര രംഗത്തുള്ള പ്രാദേശിക നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി സമരരംഗത്ത് നിന്ന് പിന്‍മാറ്റാനുള്ള സജീവ നീക്കത്തിലാണ് സിപിഎം നേതൃത്വം.