LiveTV

Live

Kerala

ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു

ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു
Summary
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വീശി കേരള-ലക്ഷദ്വീപ് തീരങ്ങളിൽ വന്‍ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിനെ അതിതീവ്ര വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്

ഓഖി ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുന്നു. അതി തീവ്രവിഭാഗത്തില്‍ നിന്ന് തീവ്രവിഭാഗത്തിലേക്കാണ് കാറ്റ് മാറിയിരിക്കുന്നത്. ഗുജറാത്ത് - മഹാരാഷ്ട്ര തീരത്തേക്കാണ് കാറ്റ് നീങ്ങിയിരിക്കുന്നത്

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വീശി കേരള-ലക്ഷദ്വീപ് തീരങ്ങളിൽ വന്‍ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിനെ അതിതീവ്ര വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ കാറ്റിന്റെ ശക്തി ക്രമാനുഗതമായി കുറഞ്ഞു വരികയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 120 കിലോമീറ്ററാണ് കാറ്റിന്‍റെ ഇപ്പോഴത്തെ വേഗത. ഗുജറാത്ത് - മഹാരാഷ്ട്ര തീരത്തേക്കാണ് കാറ്റ് നീങ്ങുന്നത്. അമിനി ദ്വീപില്‍ നിന്ന് 590 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറും മുംബൈയില്‍ നിന്ന് 690 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും അകലെയാണ് കാറ്റ് ഇപ്പോഴുള്ളത്.. നാളെ രാത്രിയോടെ കാറ്റ് സൂറത്ത് തീരത്തെത്തും. കേരള - ലക്ഷദ്വീപ് തീരങ്ങളിലുണ്ടായ സമാന കാലാവസ്ഥ ഗുജറാത്ത് തീരങ്ങളിലുമുണ്ടാകും. എന്നാല്‍ ഇവിടെ അനുഭവപ്പെട്ട തീവ്രത ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ നീരിക്ഷണകേന്ദ്രം പറയുന്നത്. ചുഴലിക്കാറ്റ് ദുര്‍ബലമാകുമെങ്കിലും തീരങ്ങളില്‍ കാറ്റും കനത്ത മഴയും ഉണ്ടാകും. ഗുജറാത്ത് - മഹാരാഷ്ട്ര തീരങ്ങളില്‍ 70 കിലോമീറ്റര് വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ മാസം ആറാംതീയതിയോടെ ചുഴലിക്കാറ്റ് തീർത്തും ദുർബലമാകും.