LiveTV

Live

Kerala

അതിര്‍ത്തി പുനര്‍ നിര്‍ണയ ശേഷം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന് വനംമന്ത്രി

അതിര്‍ത്തി പുനര്‍ നിര്‍ണയ ശേഷം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന് വനംമന്ത്രി
Summary
നീലകുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ വിസ്തൃതി കുറയാന്‍ സാധ്യതയുണ്ടെന്ന റവന്യൂ സെക്രട്ടറി പി എച്ച് കുര്യന്റെ വാദങ്ങള്‍ ശരിവെച്ച് വനംമന്ത്രി കെ രാജു

നീലകുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ വിസ്തൃതി കുറയാന്‍ സാധ്യതയുണ്ടെന്ന റവന്യൂ സെക്രട്ടറി പി എച്ച് കുര്യന്റെ വാദങ്ങള്‍ ശരിവെച്ച് വനംമന്ത്രി കെ രാജു. നീലകുറിഞ്ഞി കത്തിക്കരിഞ്ഞ ദൃശ്യങ്ങള്‍ പഴയതാണെന്നും വനംമന്ത്രി പറഞ്ഞു. കൊട്ടക്കമ്പൂര്‍ ഭൂമിവിവാദവും നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പുനര്‍നിര്‍ണയ ചര്‍ച്ചകളും ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

തിരുവനന്തപുരത്ത് ചേര്‍ന്ന വനം - റവന്യൂ വകുപ്പുകളുടെ യോഗത്തിലാണ് നീലകുറിഞ്ഞി ഉദ്യാനത്തിന്റെ പുനര്‍നിര്‍ണയം കഴിഞ്ഞാല്‍ 1200 ഹെക്ടര്‍ ഭൂമി കുറവുണ്ടാകുമെന്ന് റവന്യൂസെക്രട്ടറി പി എച്ച് കുര്യന്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരുന്നു. റവന്യൂ സെക്രട്ടറിയുടെ അഭിപ്രായം അദ്ദേഹത്തിന്‍റേത് മാത്രമാണെന്നും ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു. വനം-റവന്യൂ വകുപ്പുകള്‍ വിഷയത്തില്‍ പ്രകടിപ്പിച്ച ഭിന്നാഭിപ്രായം ഇതിനിടെ പുറത്തുവരികയാണ്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇതിനെ സാധൂകരിക്കുന്നു. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും മന്ത്രിതല യോഗത്തില്‍ ചര്‍ച്ചയായിരുന്നു. അതിനിടെയാണ് വനംമന്ത്രി കെ രാജു വിഷയം സംബന്ധിച്ച് വീണ്ടും നിലപാട് വ്യക്തമാക്കിയത്. പുനര്‍നിര്‍ണയത്തിന് ശേഷം നീലകുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റംവരാന്‍ സാധ്യതയുണ്ടെന്ന് വനംമന്ത്രി കോഴിക്കോട് പറഞ്ഞു

ഉദ്യാനത്തിന്റെ പുനര്‍നിര്‍ണയം സംബന്ധിച്ച തര്‍ക്കങ്ങളും ജോയ്സ് ജോര്‍ജ് എംപിയുമായി ബന്ധപ്പെട്ട കൊട്ടക്കംമ്പൂര്‍ ഭൂമിവിവാദവും കത്തുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഇടുക്കി ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിലുള്‍പ്പെടെ മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

മുഖ്യമന്ത്രിക്കൊപ്പം ജില്ലയില്‍ നിന്നുള്ള മന്ത്രി എം എം മണി, ജോയ്സ് ജോര്‍ജ് എംപി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. വിവാദ വിഷയങ്ങളില്‍ എന്തെങ്കിലും അഭിപ്രായം മുഖ്യമന്ത്രി രേഖപ്പെടുത്തുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.