LiveTV

Live

Kerala

ഓട്, ഇഷ്ടിക വ്യവസായം അടച്ചുപൂട്ടലിന്‍റെ വക്കില്‍; തൊഴിലാളികള്‍ സമരത്തിലേക്ക്

ഓട്, ഇഷ്ടിക വ്യവസായം അടച്ചുപൂട്ടലിന്‍റെ വക്കില്‍; തൊഴിലാളികള്‍ സമരത്തിലേക്ക്
Summary
സംസ്ഥാനത്തെ ഓട്, ഇഷ്ടിക വ്യവസായം അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയതോടെ തൊഴിലാളികളും ഉടമകളും പ്രത്യക്ഷ സമരത്തിലേക്ക്.

സംസ്ഥാനത്തെ ഓട്, ഇഷ്ടിക വ്യവസായം അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയതോടെ തൊഴിലാളികളും ഉടമകളും പ്രത്യക്ഷ സമരത്തിലേക്ക്. കളിമണ്‍ ഖനനാനുമതി ലഭിക്കാത്തതും വിദേശ ഓടുകളുടെ ഇറക്കുമതിയുമാണ് പ്രധാന പ്രശ്നം. സമരത്തിന്റെ ഭാഗമായി ഈ മാസം 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.

കേരളത്തിലെ വ്യവസായത്തിന്‍റെ പ്രൌഢിയായിരുന്നു ഓട് വ്യവസായം. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മേഖലയിലാണ് പ്രധാനമായും ഓട്, ഇഷ്ടിക വ്യവസായം നടക്കുന്നത്. ഇതില്‍ തൃശൂര്‍ ജില്ലയില്‍ മാത്രം 115 ഓട് കമ്പനികള്‍ പൂട്ടിയതായി കേരള ഓട് വ്യവസായ സംരക്ഷണ സമിതി പറയുന്നു. ദിവസേന 3 ലക്ഷം ഓടുകള്‍ നിര്‍മ്മിച്ചിരുന്ന കോഴിക്കാട് മേഖലയില്‍ നിലവില്‍ മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയില്‍ മാത്രമായി ഉല്‍പാദനം കുറഞ്ഞു. ഫറോക്കില്‍ 16 കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത് ആകെ 4 കമ്പനികള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവും വിദേശ ഓടുകളുടെ ഇറക്കുമതിയും ജിഎസ്ടി നടപ്പാക്കിയതും പ്രതിസന്ധിക്ക് കാരണമെന്ന് കേരള ഓട് വ്യവസായ സംരക്ഷണ സമിതി പറയുന്നു. നെല്‍വയലും തണ്ണീര്‍ത്തടവും സംരക്ഷിച്ചുകൊണ്ട് കൂടുതല്‍ സ്ഥലങ്ങളിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കുകയും ഓട്, ഇഷ്ടിക വ്യവസായത്തെ സംരക്ഷിക്കുകയും ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ചൂണ്ടികാട്ടിയാണ് കളിമണ്‍ ഖനനത്തിന് അനുമതി നിഷേധിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 29ന് തൊഴിലാളികളും ഉടമകളും സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തും.