LiveTV

Live

Kerala

ബിജെപി എംപിയുടെ ഭൂമി കയ്യേറ്റം; അഡീഷണല്‍ തഹസില്‍ദാര്‍ കയ്യേറ്റഭൂമി അളന്നുതിരിച്ചു

ബിജെപി എംപിയുടെ ഭൂമി കയ്യേറ്റം; അഡീഷണല്‍ തഹസില്‍ദാര്‍ കയ്യേറ്റഭൂമി അളന്നുതിരിച്ചു
Summary
ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കുമരകത്തെ നിരാമയ റിസോർട്ടില്‍ അഡീഷണല്‍ തഹസില്‍ദാര്‍ പരിശോധന നടത്തി.

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരമയ റിസോർട്ട് ആറര സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടുണ്ടെന്ന് റവന്യു വകുപ്പ്. ഇന്ന് അഡീഷണല്‍ തഹസീൽദാറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കയ്യേറ്റം കണ്ടെത്തിയത്. കയ്യേറ്റമുണ്ടെന്ന് നിലപാടില്‍ പ്രദേശവാസികളും ഉറച്ച് നില്‍ക്കുകയാണ്.

ബിജെപി എംപിയുടെ ഭൂമി കയ്യേറ്റം; അഡീഷണല്‍ തഹസില്‍ദാര്‍ കയ്യേറ്റഭൂമി അളന്നുതിരിച്ചു

കുമരകത്തെ നിരമയ റിസോർട്ട് സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്ന ഡിവൈഎഫ്ഐയുടെയും പഞ്ചായത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യു ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം അഡി തഹസീൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. റിസോര്‍ട്ടിന്റെ കായലിനോട് ചേര്‍ന്ന ഭാഗത്ത് രണ്ട് വശത്തായി ആറര സെന്റ് ഭൂമി കയ്യേറിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. കയ്യേറ്റം ഒഴിപ്പിച്ച് പുറമ്പോക്ക് ഭൂമി ഉടന്‍ തിരിച്ച് പിടിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

1995 ലാണ് നിരമയ ഈ സ്ഥലം വാങ്ങുന്നത്. അതിന് ശേഷം കയ്യേറ്റം നടത്തി കായലും തോടും മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കയ്യേറ്റമുണ്ടെന്ന വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ് ഐ നടത്തിയ മാര്‍ച്ചില്‍ റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മ്മിച്ച കോട്ടേജുകള്‍ തല്ലിതകര്‍ത്തിരുന്നു. കോടികളുടെ നഷ്ടമാണ് ഇതിലൂടെ റിസോര്‍ട്ടിന് ഉണ്ടായത്. അക്രമം നടത്തിയ 35 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.