LiveTV

Live

Kerala

തോമസ് ചാണ്ടിയുടെ രാജികാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും

തോമസ് ചാണ്ടിയുടെ രാജികാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും
Summary
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തി...

കായല്‍ കയ്യേറിയ ഗതാഗതമന്ത്രി തോമസ്ചാണ്ടിയുടെ രാജിക്ക് വഴിയൊരുങ്ങി. ഉച്ചക്ക് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ എന്‍സിപി ഒഴികെയുള്ള പാര്‍ട്ടികളെല്ലാം ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. ഒടുവില്‍ എജിയുടെ നിയമോപദേശം പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ യോഗം മുഖ്യമന്ത്രിയുടെ ചുമതലപ്പെടുത്തി. കേന്ദ്രനേതൃത്വവുമായി ആലോചിച്ച് രണ്ട് ദിവസത്തിനകം തന്നെ തീരുമാനമെടുക്കാമെന്ന് എന്‍സിപി മുന്നണി നേതൃത്വത്തെ അറിയിച്ചു.

ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടും എജിയുടെ നിയമോപദേശവും എതിരായ സാഹര്യത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാനാണ് അടിയന്തിര ഇടത് മുന്നണി യോഗം ചേര്‍ന്നത്. രണ്ട് മണിക്കൂര്‍ നീണ്ട് ചര്‍ച്ചകള്‍ക്കൊടുവില്‍ നിയമോപദേശവും കളക്ടറുടെ റിപ്പോര്‍ട്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. എന്‍സിപി ആലോചിച്ച് വേഗത്തില്‍ തന്നെ തീരുമാനമറിയിക്കട്ടെയെന്നായിരുന്നു യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

നേതൃയോഗം ചേര്‍ന്ന് രണ്ട് ദിവസത്തിനകം ചാണ്ടി രാജിവെയ്ക്കുമെന്നാണ് സൂചന. മുന്നണി യോഗം ആരംഭിച്ചപ്പോള്‍ തന്നെ രാജി വേണമെന്ന നിലപാട് സിപിഐ അറിയിച്ചു.മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്നതിന് മുന്‍പ് ചാണ്ടി പുറത്ത് പോയാല്‍ എന്‍സിപിക്ക് അത് ഗുണം ചെയ്യും, രാജിവെക്കില്ല എന്നാണ് നിലപാടെങ്കില്‍ പരസ്യമായി തന്നെ അത് ആവശ്യപ്പെടുമെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു. കോടതി തീരുമാനം വരെ കാക്കണമെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞപ്പോള്‍ കാനം അതിനെ പരിഹസിച്ചു. സുപ്രീം കോടതി വരെ പോയാല്‍ അത് വരെ മുന്നണി കാത്ത് നില്‍ക്കണമോയെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ ചോദ്യം.

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ പോയത് ശരിയായില്ലെന്ന് ജെഡിഎസ് പറഞ്ഞു. നിയമേോപദേശം കൂടി എതിരാണെന്ന് മനസിലാക്കുന്നുവെന്നും അത് കൊണ്ട് രാജിയാണ് ഉചിതമെന്ന് ജെഡിഎഎസ് നേതാക്കള്‍ പറഞ്ഞു. ചാണ്ടിക്കെതിരെ നടന്നത് മാധ്യമ സിന്‍ഡിക്കേറ്റിന്‍റെ ഗൂഢാലോചനയാണെന്ന് എന്‍സിപിയും അഭിപ്രായപ്പെട്ടു. നിയമവശങ്ങള്‍ പരിശോധിച്ച് തീരുമനമെടുക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

ഒടിവില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കട്ടയെന്ന ധാരണ എന്‍ിസപിയും അംഗീകരിച്ചു. ഘടകകക്ഷി എന്ന നിലയില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശം മുഖ്യമന്ത്രി എന്‍സിപിക്ക് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച നേതൃയോഗത്തിലോ അതിന് മുന്‍പോ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. യോഗത്തിന്‍റെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം. ജനജാഗ്രതയാത്രക്കിടെ നടത്തിയ വെല്ലുവിളിയുമായി ബന്ധപ്പെട്ട് യോഗത്തിനിടെ കാനം രാജേന്ദ്രനും ചാണ്ടിയും തമ്മില്‍ വാക്കു തര്‍ക്കവുമുണ്ടായി.