LiveTV

Live

Kerala

കോഴിക്കോട് പതിനാറുകാരനെ എസ്ഐ മര്‍ദ്ദിച്ചെന്ന പരാതി; കണ്ണൂര്‍ റെയിഞ്ച് ഐജി അന്വേഷിക്കുന്നു

കോഴിക്കോട് പതിനാറുകാരനെ എസ്ഐ മര്‍ദ്ദിച്ചെന്ന പരാതി; കണ്ണൂര്‍ റെയിഞ്ച് ഐജി അന്വേഷിക്കുന്നു
Summary
ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം

കോഴിക്കോട് പതിനാറു വയസുകാരനെ എസ് ഐ മര്‍ദ്ദിച്ചുവെന്ന പരാതി കണ്ണൂര്‍ റെയിഞ്ച് ഐജി നേരിട്ട് അന്വേഷിക്കുന്നു. ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടി. നഗരത്തിലെ വനിതാ ഹോസ്റ്റലിനു സമീപം കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് എസ് ഐ വിദ്യാര്‍ഥിയെ മര്‍ദിച്ചു എന്നാണ് പരാതി. രാത്രിയെത്തിയ മെഡിക്കല്‍ കോളേജ് എസ് ഐയെ ആളറിയാതെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ മൊഴി എടുത്തിട്ടുണ്ടെങ്കിലും തല്‍കാലം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. സംഭവം വിവാദമായതോടെ കണ്ണൂര് റെയിഞ്ച് ഐജിയോട് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന്‌ പരിധിയിലുള്ള വനിതാ ഹോസ്റ്റലിനടുത്തുവെച്ച് മെഡിക്കല്‍ കോളേജ് എസ്ഐ ഹബീബുള്ള, വിദ്യര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. വീടിനു സമീപം രാത്രിയില്‍ അപരിചിതരെ കണ്ടത് ചോദ്യം ചെയ്തതിന് മര്‍ദിച്ചുവെന്നാണ് വിദ്യാര്‍ഥിയുടെ ആരോപണം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഔദ്യോഗിക വാഹനത്തില്‍ എസ് ഐ മടങ്ങി.

നടക്കാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ ത്തകര്‍ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.