LiveTV

Live

Kerala

കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശം സാധൂകരിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി വിവാദത്തില്‍

കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശം സാധൂകരിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി വിവാദത്തില്‍
Summary
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശം സാധൂകരിക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയതോടെ സര്‍ക്കാര്‍ നടപടി വീണ്ടും വിവാദത്തിലേക്ക്

കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശം സാധൂകരിക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയതോടെ സര്‍ക്കാര്‍ നടപടി വീണ്ടും വിവാദത്തിലേക്ക്. സുപ്രീംകോടതി വിധിയെ മറികടക്കുന്ന രീതിയിലുള്ള ഓര്‍ഡിനന്‍സ് നിയമപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണെന്നാണ് വിലയിരുത്തല്‍. കോളജ് തലവരി വാങ്ങിയെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ ഫീസ് റഗുലേറ്ററി കമ്മീഷനില്‍ തെളിവെടുപ്പ് തുടരുകയുമാണ്.

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുകയും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശം ഫീസ് റഗുലേറ്ററി കമ്മറ്റി റദ്ദാക്കിയത്. സുപ്രീംകോടതി വരെ പോയെങ്കിലും അനുകൂല നിലപാട് നേടിയെടുക്കാന്‍ മാനേജ്മെന്‍റിന് ലഭിച്ചില്ല. ഇതിനെ മറികടന്ന് വിദ്യാര്‍ഥി പ്രവേശത്തെ സാധൂകരിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന നടപടി വിദ്യാഭ്യാസ മേഖലയില്‍ പൊതുവെ എതിര്‍പ്പുയര്‍ന്നതാണ്. ഇപ്പോള്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ നടപടി കൂടുതല്‍ ചോദ്യം ചെയ്യപ്പെടും.

സുപ്രീം കോടതി ഉത്തരവിനെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് നിയമപരമായി നിലനില്‍ക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഗവര്‍ണര്‍ അംഗീകരിച്ചാലും കോടതിയില്‍ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതുണ്ട്. സ്വാശ്രയ സ്ഥാപനത്തിന്റെ തെറ്റായ നടപടിയെ പിന്തുണക്കുന്ന ഇടത് സര്‍ക്കാരിന്‍റെ നടപടി രാഷ്ട്രീയമായും ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

ഇതിനിടെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് തലവരി വാങ്ങിയെന്നാരോപിച്ച് 10 വിദ്യാര്‍ഥികള്‍ ഫീസ് റഗുലേറ്ററി കമ്മിറ്റിയെ സമീപിച്ചിരുന്നു. കമ്മറ്റി ഹിയറിങ് വിളിച്ചതോടെ പണം മടക്കി നല്‍കി ഒത്തുതീര്‍പ്പിന് കോളജ് ശ്രമിച്ചിരുന്നു. എന്നാല്‍ പണം പൂര്‍ണമായും തിരികെ നല്‍കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ പരാതിയില്‍ ഉറച്ചുനിന്നു. കമ്മീഷന്‍ 25 ന് എറണാകുളത്ത് വീണ്ടും ഹിയറിങ്ങിന് വെച്ചിട്ടുണ്ട്. പണം പൂര്‍ണമായി നല്‍കിയാലും കമ്മീഷന്‍ നടപടിയിലേക്ക് കടക്കാന്‍ സാധിക്കും. അതും സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യുന്നതായി മാറും.