LiveTV

Live

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വനിതാ ജീവനക്കാര്‍ക്ക് ആഴ്ചയിലെ അവധിക്ക് പകരം ആര്‍ത്തവാവധി

Summary
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വനിതാ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ അവധിയുണ്ടാകില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വനിതാ ജീവനക്കാര്‍ക്ക് ഇനി ആഴ്ചയില്‍ അവധിയുണ്ടാകില്ല. പകരം അഞ്ച് ദിവസത്തെ അവധി ആര്‍ത്തവാവധിയായി തുടര്‍ച്ചയായി എടുക്കാം. ജീവനക്കാരുടെ കൂടി ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം.

ആര്‍ത്തവ ദിവസങ്ങളില്‍ ക്ഷേത്രം ജീവനക്കാര്‍ അവധിയെടുക്കുകയായിരുന്നു പതിവ്. അവധിയെടുക്കുന്ന ജീവനക്കാര്‍ പകരം ആളെ നിയമിച്ച് വേതനം നല്‍കുകയോ ദേവസ്വം ബോര്‍ഡ് നിയമനം നടത്തുകയോ ചെയ്യേണ്ടിയിരുന്നു. ഇത് അംഗീകൃത അവധിയായിരുന്നില്ല. ഏത് അവധിയില്‍ ഉള്‍പ്പെടുത്തും എന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനും ധനകാര്യ വിഭാഗത്തിനും വ്യക്തതയില്ലായിരുന്നു. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ ദിവസവും പ്രവര്‍ത്തിക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാനാകില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് സാധാരണ അഞ്ച് ദിവസമാണ് അവധിയുള്ളത്. ഇത് മിക്കവര്‍ക്കും എടുക്കാനും കഴിയാറില്ല. ഇതേ തുടര്‍ന്നാണ് ജീവനക്കാരുടെ കൂടി ആവശ്യം കണക്കിലെടുത്ത് ആശൂല അവധി നല്‍കിയത്. ഇത് സ്പെഷ്യല്‍ കാഷ്വല്‍ ലീവായി പരിഗണിക്കും.

ദേവസ്വം ബോര്‍ഡിലെ ക്ഷേത്രത്തിന്‍റെ ഭരണ ചുമതലയുള്ള സബ്ഗ്രൂപ്പ് ഓഫീസര്‍ക്കും അക്കൌണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുമാണ് ആര്‍ത്തവ അവധി ലഭിക്കുക. തൊണ്ണൂറോളം ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമാകും.