LiveTV

Live

Kerala

എസ്.ഡി.പി.ഐ മൂന്നാം സ്ഥാനത്ത്

Summary
കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് ആകെ കിട്ടിയത് 3049 വോട്ടായിരുന്നു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ച് എസ്ഡിപിഐ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടിനേക്കാള്‍ അയ്യായിരത്തിലധികം വോട്ട് നേടി പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1300 വോട്ടിന്റെ കുറവാണ് ഉണ്ടായത്.

2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ വേങ്ങര നിയമസഭ മണ്ഡലത്തില്‍ നിന്ന് എസ്ഡിപിഐക്ക് ലഭിച്ചത് 9058 വോട്ടാണ്. സംഘ് പരിവാര്‍ വിരുദ്ധ വോട്ടുകളുടെ ധ്രുവീകരണം ഇടത് മുന്നണിയെ തുണച്ച 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയിലെ എസ്ഡിപിഐയുടെ വോട്ട് 3049ലേക്ക് ചുരുങ്ങി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് പാര്‍ട്ടിയുടെ അടിസ്ഥാനവോട്ടാണെന്ന് തെളിയിച്ചിരിക്കുകയാണ് വേങ്ങരയിലൂടെ ഇത്തവണ എസ്ഡിപിഐ. സംഘ്പരിവാറിനെ നേരിടാന്‍ ഇടതല്ല ബദലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി എസ്ഡിപിഐക്ക് വേണ്ടി മത്സരിച്ച അഡ്വ കെ സി നസീര്‍ പറഞ്ഞു.

ബിജെപിക്ക് 1327 വോട്ടിന്റെ കുറവാണ് ഇത്തവണ വേങ്ങരയിലുണ്ടായത്. ബിജെപി വോട്ടുകള്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതായി യുഡിഎഫും എസ്ഡിപിഐയും ആരോപിച്ചു. ബിജെപിയുടെ വോട്ട് ചോര്‍ച്ച വരും ദിവസങ്ങളില്‍ ആ പാര്‍ട്ടിയില്‍ മാത്രമല്ല യുഡിഎഫിലും ഇടത് മുന്നണിയിലും ചര്‍ച്ചയാവാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘ് പരിവാര്‍ രാഷ്ട്രീയത്തോട് മുദൃസമീപനം സ്വീകരിക്കുന്നുവെന്നുള്ള യുഡിഎഫിനെതിരായ ആരോപണം ഇടത് മുന്നണിക്കെതിരെയും അതിശക്തമായ ഉയരാനുള്ള സാധ്യതയാണ് വേങ്ങരയില്‍ എസ്ഡിപിഐ - ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്ക് മുന്നോട്ട് വെക്കുന്നത്.