LiveTV

Live

Kerala

കുഴല്‍പ്പണവേട്ട: പ്രതികള്‍ ലീഗ് പ്രവര്‍ത്തകരെന്ന് സിപിഎം; നിഷേധിച്ച് ലീഗ്

കുഴല്‍പ്പണവേട്ട: പ്രതികള്‍ ലീഗ് പ്രവര്‍ത്തകരെന്ന് സിപിഎം; നിഷേധിച്ച് ലീഗ്
Summary
മലപ്പുറം കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി പിടിയിലായവര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെന്ന് സിപിഎം. പിടിയിലായവര്‍ ലീഗ് പ്രവര്‍ത്തകരാണോയെന്ന് അറിയില്ലെന്ന്..

മലപ്പുറം കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി പിടിയിലായവര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെന്ന് സിപിഎം. പരാജയ ഭീതി മൂലം വേങ്ങരയില്‍ ലീഗ് പണമൊഴുക്കുകയാണെന്നും സിപിഎം കേന്ദ്ര കമ്മറ്റിയംഗം എ വിജയരാഘവന്‍ ആരോപിച്ചു. പിടിയിലായവര്‍ ലീഗ് പ്രവര്‍ത്തകരാണോയെന്ന് അറിയില്ലെന്നായിരുന്നു ലീഗ് നേതൃത്വത്തിന്‍റെ പ്രതികരണം.

79.5 ലക്ഷം രൂപയുമായി വേങ്ങര സ്വദേശികളായ അബ്ദുര്‍റഹ്മാന്‍, സിദ്ധീഖ് എന്നിവരാണ് കുറ്റിപ്പുറത്ത് വെച്ച് പോലീസിന്‍റെ പിടിയിലായത്. ഇവര്‍ മുസ്ലീം ലീഗിന്‍റെ സജീവ പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ഈ പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ലീഗ് നേതാക്കളുടെ ബന്ധം വ്യക്തമാകുമെന്നും സിപിഎം കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവന്‍ പറഞ്ഞു.

എന്നാല്‍ ഈ സംഭവുമായി വേങ്ങര തെരഞ്ഞെടുപ്പിന് ബന്ധമില്ലെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിശദീകരണം. ഇവര്‍ ലീഗ് പ്രവര്‍ത്തകരാണോയെന്ന് അറിയില്ലെന്ന് ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി യു എ ലത്തീഫ് പറഞ്ഞു. സംഭവം ഇടതു പക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ലീഗ് നേതൃത്വം ആരോപിച്ചു.