LiveTV

Live

Kerala

ചെറുമീനുകളുടെ ലഭ്യത കുറവ്; മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ചെറുമീനുകളുടെ ലഭ്യത കുറവ്; മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍
Summary
കേരള തീരത്ത് ചെറുമീനുകളില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മീനെത്തുന്നുണ്ട്

കടലില്‍ ചെറു മത്സ്യങ്ങള്‍ ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ കടുത്ത തൊഴില്‍ പ്രതിസന്ധി നേരിടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. മത്സ്യത്തിന്റെ അളവ് പൂര്‍വ്വ സ്ഥിതിയിലായി പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടോ മൂന്നോ വര്‍ഷമെടുക്കുമെന്നും കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം നടത്തിയ പഠനം പറയുന്നു. മത്സ്യ തൊഴിലാളികള്‍ക്ക് ദുരിതാശ്വാസ പാക്കേജ് അനുവദിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. കേരളത്തിലെ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ താരതമ്യേന ആഴം കുറഞ്ഞ പ്രദേശങ്ങളിലാണ് മത്സ്യബന്ധനം നടത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന മത്തി, അയല തുടങ്ങിയ ചെറുമീനുകളായിരുന്നു വരുമാന മാര്‍ഗ്ഗം.

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചെറുമീനുകള്‍ ലഭിക്കാതായി. ഓരോ വര്‍ഷവും മീനിന്റെ ലഭ്യത കുറഞ്ഞ് വരികയാണ്. ഇതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി മത്സ്യ തൊഴിലാളികള്‍. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ മത്സ്യ മേഖലയില്‍ നിന്ന് ദുരന്ത വാര്‍ത്തകള്‍ ഉണ്ടാകുമെന്നാണ് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കുന്നത്. കേരള തീരത്ത് ചെറുമീനുകളില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മീനെത്തുന്നുണ്ട്. മത്സ്യ ക്ഷാമം അനുഭവപ്പെടാത്തതിനാല്‍ പൊതുസമൂഹവും മത്സ്യതൊഴിലാളികളുടെ ബുദ്ധിമുട്ട് തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത.