LiveTV

Live

Kerala

യോഗ കേന്ദ്രത്തിനെതിരെ പരാതി അട്ടിമറിക്കാന്‍ ശ്രമം; പൊലീസിനെതിരെ ഡിജിപിക്ക് പരാതി

യോഗ കേന്ദ്രത്തിനെതിരെ പരാതി അട്ടിമറിക്കാന്‍ ശ്രമം; പൊലീസിനെതിരെ ഡിജിപിക്ക് പരാതി
Summary
മതസ്പര്‍ധ വളര്‍ത്തുന്ന ക്ലാസുകളാണ് കേന്ദ്രത്തില്‍ നടത്തുന്നതെന്ന് മൊഴി നല്‍കിയിട്ടും ഐപിസി 153 എ വകുപ്പ് ചുമത്താതെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പരാതി

തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിനെതിരായ പരാതി പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിക്കാരി. മതസ്പര്‍ധ വളര്‍ത്തുന്ന ക്ലാസുകളാണ് കേന്ദ്രത്തില്‍ നടത്തുന്നതെന്ന് മൊഴി നല്‍കിയിട്ടും ഐപിസി 153 എ വകുപ്പ് ചുമത്താതെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പരാതി. കൂടാതെ യോഗ സെന്ററിലെ കോഡിനേറ്റര്‍ ശ്രുതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപെടുത്തിയില്ലെന്നുമാണ് പരാതി.

തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിലെ പീഡനം സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പൊലീസ് നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടികാട്ടി തൃശൂര്‍ സ്വദേശിനി ശ്വേതയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ മറ്റ് മതങ്ങളെ കുറിച്ചുള്ള ക്ലാസുകളാണ് ഈ സ്ഥാപനത്തില്‍ നടന്നിരുന്നത്. ഇത് പരാതിയില്‍ ഉന്നയിച്ചിരുന്നെങ്കിലും ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടില്ല. ഈ വകുപ്പ് ഓഴിവാക്കിയാണ് പ്രഥമ വിവര റിപോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ ഹില്‍പാലസ് സിഐയുടെ നിര്‍ദേശ പ്രകരാം എസ്ഐയ്ക്കാണ് പരാതി നല്‍കിയത്. പ്രഥമ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും എഫ്ഐആറില്‍ നിന്ന് പ്രധാന വകുപ്പ് ഓഴിവാക്കി. കൂടാതെ യോഗാ സെന്ററിലെ കോഡിനേറ്റര്‍ ശ്രുതിക്കെതിരെ താന്‍ മൊഴി നല്‍കിയിരുന്നു. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ മറ്റ് പ്രതികളുടേത് പോലെ സമാനമായ പങ്കാളിത്തമാണുള്ളത്. യോഗ സെന്ററിലെത്തുന്ന പെണ്‍കുട്ടികളെ ഇവര്‍ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ മാസം 29 ന് താന്‍ ഇവര്‍ക്കെതിരെ മൊഴി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല. കൂടാതെ കണ്ണൂര്‍ അഴിക്കലിലുള്ള മറ്റൊരു പെണ്‍കുട്ടി മീഡിയവണിലൂടെ താന്‍ പീഡനത്തിനിരയായ വിവരം വെളിപെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് ഈ പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് പരാതി. സംഭവം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.