LiveTV

Live

Kerala

കയര്‍ പ്രതലത്തില്‍ ചിത്രരചന; ആലപ്പുഴ കടപ്പുറത്തിന് പുത്തന്‍ അനുഭവം

കയര്‍ പ്രതലത്തില്‍ ചിത്രരചന; ആലപ്പുഴ കടപ്പുറത്തിന് പുത്തന്‍ അനുഭവം
Summary
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 58 ചിത്രകാരന്മാരാണ് ആലപ്പുഴ കടപ്പുറത്ത് കയറില്‍ ചിത്രമെഴുതാനെത്തിയത്

ആലപ്പുഴയില്‍ വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും കൌതുകമായി അറുപതോളം ചിത്രകാരന്‍മാരുടെ ചിത്രരചന. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി അര കിലോമീറ്റര്‍ നീളത്തിലുള്ള കയര്‍ കൊണ്ട് നിര്‍മിച്ച പ്രതലത്തിലാണ് കൂട്ട ചിത്രരചന നടന്നത്. ആലപ്പുഴയില്‍ നടക്കാനിരിക്കുന്ന കയര്‍ കേരള അന്താരാഷ്ട്ര പ്രദര്‍ശനത്തിന്റെ പ്രചാരണത്തിനാണ് കടപ്പുറത്ത് കയറില്‍ ചിത്രരചന സംഘടിപ്പിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 58 ചിത്രകാരന്മാരാണ് ആലപ്പുഴ കടപ്പുറത്ത് കയറില്‍ ചിത്രമെഴുതാനെത്തിയത്. ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി തോമസ് ഐസക് കൂടി കൂട്ടത്തില്‍ ചേര്‍ന്നപ്പോള്‍ പരിപാടിയുടെ കൌതുകവും ആവേശവുമൊക്കെ വര്‍ദ്ധിച്ചു. വരക്കാനെത്തിയവര്‍ക്കും കയര്‍ പ്രതലത്തിലെ വര പുതിയ അനുഭവമായി

ഉച്ചകഴിഞ്ഞപ്പോഴേയ്ക്കും കടപ്പുറത്ത് ആലപ്പുഴയുടെ ചരിത്രവും അതിന് കയറുമായുള്ള ഇഴപിരിക്കാനാവാത്ത ബന്ധവുമൊക്കെ വര്‍ണങ്ങളിലൂടെ വിളിച്ചു പറയുന്ന അരകിലോമീറ്റര്‍ ചിത്ര പ്രതലം പൂര്‍‍ണമായി. വിദേശികള്‍ക്കും സ്വദേശികള്‍ക്കുമൊക്കെ കൌതുകം പകര്‍ന്ന്. പങ്കെടുത്തവര്‍ക്ക് അനുഭവങ്ങള്‍ വിവരിക്കാനുള്ള ക്യാമ്പും സംഘാടകര്‍ ഒരുക്കി. അതിലും കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചും അവര്‍ക്ക് മോഡലായും ഒക്കെ തോമസ് ഐസക് ഉണ്ടായിരുന്നു.