LiveTV

Live

Kerala

രാജീവിന്റെ കൊലപാതകം: ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് കണ്ടെത്തി

രാജീവിന്റെ കൊലപാതകം: ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് കണ്ടെത്തി
Summary
ചാലക്കുടി കൊലപാതക കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് കണ്ടെത്തി. ജോണിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ പോലീസ് പാസ്പോര്‍ട്ട് രേഖകള്‍ കണ്ടെത്തി. കോയമ്പത്തൂര്‍ വ‍ഴി വിദേശത്തേക്ക് കടന്നേക്കാമെന്ന..

ചാലക്കുടി കൊലപാതക കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് കണ്ടെത്തി. ജോണിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ പോലീസ് പാസ്പോര്‍ട്ട് രേഖകള്‍ കണ്ടെത്തി. കോയമ്പത്തൂര്‍ വ‍ഴി വിദേശത്തേക്ക് കടന്നേക്കാമെന്ന സൂചനയില്‍ അന്വേഷണം തമി‍ഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കൊല്ലപ്പെട്ട രാജീവിന്‍റെ മകന്‍ അഖിലിന്‍റെ മൊ‍ഴി പോലീസ് രേഖപ്പെടുത്തി.

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്‍റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന ചക്കര ജോണി വിദേശത്തേക്ക് കടന്നിട്ടില്ലെന്നതിന് തെളിവുകള്‍ ലഭിച്ചു. തൃശൂര്‍ കൊരട്ടിയിലെ ജോണിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ചക്കര ജോണി രാജ്യം വിട്ടിട്ടില്ല എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒ‍ഴിവാക്കി ഇയാള്‍ കോയമ്പത്തൂര്‍ വ‍ഴി വിദേശത്തേക്ക് കടന്നേക്കാം എന്ന സൂചനയെ തുടര്‍ന്ന് അന്വേഷണം തമി‍ഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ കേസില്‍ പിടിയിലായ ഷൈജു, സുനില്‍, സത്യന്‍, രാജന്‍ എന്നിവരെ കുന്നംകുളം മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ പ്രതികളാണിവർ. ഗൂഢാലോചന നടത്തിയ 3 പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നിഗമനം. അതിനിടെ കൊല്ലപ്പെട്ട രാജീവിന്‍റെ മകന്‍ അഖിലിന്‍റെ മൊ‍ഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രാജീവിന് ചക്കര ജോണിയില്‍ നിന്നും അഭിഭാഷകന്‍ സി.പി ഉദയഭാനുവില്‍ നിന്നും ഉണ്ടായ ഭീഷണിയുടെ വിശദാംശങ്ങളാണ് പോലീസ് ശേഖരിച്ചത്.