LiveTV

Live

Kerala

തൃശൂരില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നു

തൃശൂരില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നു
Summary
ആറ് മാസത്തിനിടെ പുറത്ത് വന്നത് 238 കോടിയുടെ ചിട്ടി, ഇന്‍ഷുറന്‍സ് തട്ടിപ്പുകളാണ്

ഒരിടവേളക്ക് ശേഷം തൃശൂരില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. ആറ് മാസത്തിനിടെ പുറത്ത് വന്നത് 238 കോടിയുടെ ചിട്ടി, ഇന്‍ഷുറന്‍സ് തട്ടിപ്പുകളാണ്. തട്ടിപ്പ് വര്‍ധിച്ചതോടെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.

ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പരാതികള്‍ വന്നതോടെയാണ് പൊലീസ് സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പതിനാഴായിരത്തിലേറെ പരാതികളാണ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിരിക്കുന്നത്.

ചാലക്കുടിയിലെ ഫിനോമിനല്‍ കമ്പനിക്കെതിരെ മാത്രം പതിനാലായിരം പരാതികളുണ്ട്. 200 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് നിഗമനം.മുംബൈ ആസ്ഥാനമായ ഫിനോമിനല്‍ ഹൗസിങ് ഫിനാന്‍സ് കമ്പനി ഏഴ് കമ്പനികളുടെ പേരില്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്. കൊടുങ്ങല്ലൂരിലെ തത്വമസി കുറിക്കമ്പനിയില്‍ പരാതിക്കാരുടെ എണ്ണം രണ്ടായിരത്തിലേറെയാണ്. നഷ്ടം കണക്കാക്കുന്നത് 11 കോടിയും.ചേര്‍പ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ട്രേഡ് ലിങ്ക് ചിട്ടി തട്ടിപ്പില്‍ 1248 പേര്‍ക്ക് 28 കോടിയും നഷ്ടമായി. ചെറിയ തട്ടിപ്പുകള്‍ വേറെയും നടക്കുന്നുണ്ട്.അമിത ലാഭം നല്‍കാമെന്ന് പറയുന്നവരുടെ പ്രലോഭനത്തില്‍ വീഴരുതെന്ന മുന്നറിയിപ്പുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

സാധാരണക്കാരാണ് ഭൂരിഭാഗവും തട്ടിപ്പിന് ഇരയാകുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുറി, ചിട്ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയാണ് തൃശൂര്‍. സമീപ കാലത്തായി മണി ചെയിന്‍ മാതൃകയിലുള്ള സ്ഥാപനങ്ങളും ജില്ലയില്‍ സജീവമായിട്ടുണ്ട്.