LiveTV

Live

Kerala

പുതിയ റേഷന്‍കാര്‍ഡ് കിട്ടിയില്ല; ആലപ്പുഴ തലവടിയില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍

പുതിയ റേഷന്‍കാര്‍ഡ് കിട്ടിയില്ല; ആലപ്പുഴ തലവടിയില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍
Summary
ആലപ്പുഴ കുട്ടനാട്ടിലെ തലവടി ഗ്രാമത്തില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ഓണക്കാലത്തേക്കും പുതിയ റേഷന്‍കാര്‍ഡ് കിട്ടിയില്ല

ആലപ്പുഴ കുട്ടനാട്ടിലെ തലവടി ഗ്രാമത്തില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ഓണക്കാലത്തേക്കും പുതിയ റേഷന്‍കാര്‍ഡ് കിട്ടിയില്ല. കാര്‍ഡ് മാറ്റല്‍ പ്രക്രിയ തുടങ്ങി മാസങ്ങള്‍ക്ക് ശേഷവും പുതിയ കാര്‍ഡ് ലഭിക്കാത്തതിനാല്‍ അതി ദരിദ്രര്‍ അടക്കമുള്ളവര്‍‍ക്ക് പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. പരാതികള്‍ നല്‍കുകയും സമരം നടത്തുകയും ഒക്കെ ചെയ്തിട്ടും കാര്യമൊന്നുമുണ്ടായില്ല. പ്രിന്ററും ലാമിനേറ്ററും ഇല്ലാത്തതിനാല്‍ പുതിയ കാര്‍ഡ് നല്‍കാനാവില്ലെന്നാണ് സപ്ലൈ ഓഫീസ് അധികൃതര്‍ പറയുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരും നിത്യരോഗികളും റേഷന്‍കാര്‍ഡ് വഴി ലഭിക്കുന്ന സൌജന്യ ചികിത്സയെ മാത്രം ആശ്രയിച്ച് ജീവന്‍ നിലനിര്‍ത്തുന്ന കിടപ്പ് രോഗികളും ഒക്കെയായി 461 കുടുംബങ്ങള്‍ക്കാണ് തലവടി ഗ്രാമപ്പഞ്ചായത്തിലെ 3 വാര്‍ഡുകളിലായി ഇതുവരെ പുതിയ റേഷന്‍കാര്‍ഡ് ലഭിക്കാത്തത്.

ഒരു പക്ഷെ റേഷന്‍കാര്‍ഡ് വിതരണ പാകപ്പിഴയില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ശരാശരി നിരക്ക്. നിത്യജീവിതത്തിനുള്ള വഴി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരും നടക്കാന്‍ പോലും വയ്യാത്തവരുമൊക്കെ വലിയ പ്രയാസമാണ് ഇതുമൂലം നേരിടുന്നത്. പുതിയ കാര്‍ഡില്ലാത്തതിനാല്‍ റേഷന്‍ കടക്കാര്‍ റേഷന്‍ ആനുകൂല്യങ്ങള്‍ കൂടി നിഷേധിച്ചതോടെ ഒരുമാസം മുന്‍പ് ജനങ്ങളെല്ലാം ചേര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസ് ഉപരോധിച്ചു. പഴയ കാര്‍ഡ് വെച്ച് മുന്‍പ് നല്‍കിയിരുന്നതിന്റെ പകുതി അളവില്‍ അരിയും മറ്റ് സാധനങ്ങളും നല്‍കാമെന്ന വ്യവസ്ഥയില്‍ അന്ന് സമരം ഒത്തു തീര്‍പ്പായി.

20 ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് നല്‍കാമെന്നും അധികൃതര്‍ വാക്കു നല്‍കി. പക്ഷേ ഇനിയും പുതിയ കാര്‍ഡ് നല്‍കിയിട്ടില്ല. ഓണക്കാലത്ത് ഈ കുടുംബങ്ങളില്‍ പലര്‍ക്കും സര്‍ക്കാര്‍ ന്യായവില ഷോപ്പുകളിലെ വിലക്കുറവ് ഉള്‍പ്പെടെ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. സര്‍ക്കാരിന്റെ തന്നെ ഐ ടി വകുപ്പ് പ്രിന്ററും സ്കാനറും നല്‍കാത്തതിനാല്‍ പുതിയ കാര്‍ഡ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം.