LiveTV

Live

Kerala

അഹിന്ദുക്കള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് അജയ് തറയില്‍

അഹിന്ദുക്കള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് അജയ് തറയില്‍
Summary
വിഗ്രാഹാരാധനയില്‍ വിശ്വസിക്കുന്നവര്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ഇതിനായി 1952ലെ ദേവസ്വം ബോര്‍ഡ് നിയമം ഭേദഗതി ചെയ്യണമെന്നും..

വിഗ്രാഹാരാധനയില്‍ വിശ്വസിക്കുന്നവര്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ഇതിനായി 1952ലെ ദേവസ്വം ബോര്‍ഡ് നിയമം ഭേദഗതി ചെയ്യണമെന്നും അജയ് തറയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ദേവസ്വം ബോര്‍ഡില്‍ ചര്‍ച്ചക്ക് വെക്കുമെന്നും അജയ് തറയില്‍ മീഡിയവണിനോട് പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇന്ന് പ്രവേശനം അനുവദിച്ചിട്ടുള്ളത് ഹിന്ദുക്കള്‍ക്കും ഹിന്ദുമതവിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ്. അതുകൊണ്ട് തന്നെ നിലവിലെ ഉത്തരവ് പരിഷ്കരിക്കണമെന്ന് അജയ് തറയില്‍ മീഡിയ വണിനോട് പറഞ്ഞു. വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ചയാവണം. അതിന് ശേഷം ഇക്കാര്യം ദേവസ്വം ബോര്‍ഡില്‍ അവതരിപ്പിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മറ്റ് മെന്പറും പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം ഒരു വ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്. മത പരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ലെന്നും അജയ് തറയില്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് അനാവശ്യ വിവാദമാണ് നടക്കുന്നെതെന്നായിരുന്നു മന്ത്രി കടകം പള്ളി സുരേന്ദ്രന്‍റെ പ്രതികരണം. ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് പ്രയാര്‍ ഗോപാല കൃഷ്ണനും പ്രതികരിച്ചു.