LiveTV

Live

Kerala

മെഡിസിന് അഡ്മിഷന്‍ നേടിയ ഓട്ടോത്തൊഴിലാളിയുടെ മകള്‍ക്ക് ബാങ്ക് ഗ്യാരന്റി നല്‍കാനായില്ല

മെഡിസിന് അഡ്മിഷന്‍ നേടിയ ഓട്ടോത്തൊഴിലാളിയുടെ മകള്‍ക്ക് ബാങ്ക് ഗ്യാരന്റി നല്‍കാനായില്ല
Summary
രണ്ടാഴ്ചക്കകം ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെങ്കില്‍ അഡ്മിഷന്‍ റദ്ദാകും..

സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തന് ബാങ്ക് ഗ്യാരന്റി കൊടുക്കാനാവാതെ നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്. കൊല്ലം ചവറയിലെ ഒരു ഓട്ടോ തൊഴിലാളിയുടെ മകളായ സുബിന 5 ലക്ഷം രൂപ പലിശക്ക് വാങ്ങിയാണ് അഡ്മിഷനെടുത്തത്.എന്നാല്‍ ബാങ്ക് ഗ്യാരന്റിക്ക് വകയില്ല. സര്‍ക്കാരോ, സന്നദ്ധ സംഘടനകളോ സഹായത്തിനെത്തിയില്ലെങ്കില്‍ ഈ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ മെഡിസിന്‍ പഠനമോഹം പാതിവഴിയില്‍ മുടങ്ങും.

പട്ടിണിയായാലും മകളെ പഠിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു ഓട്ടോ തൊഴിലാളിയായ മൗയ്തീന്. അതുകൊണ്ടു തന്നെ മെഡിക്കല്‍ പ്രവേശത്തിന് പലരില്‍ നിന്നായി പലിശയ്ക്ക് വാങ്ങി 5 ലക്ഷം രൂപ സംഘടിപ്പിച്ചു. അപ്പോഴാണ് ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി വേണമെന്ന ഉത്തരവ് ഇരുട്ടടിയായെത്തിയത്. ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സമീപിച്ച് തുകയുടെ ഗ്യാരണ്ടി ഉറപ്പാക്കി. എന്നാല്‍ അഡ്മിഷനെടുത്തപ്പോള്‍ ഗ്യാരണ്ടി ഉറപ്പ് നല്‍കിയവര്‍ പിന്‍മാറി.

രണ്ടാഴ്ചക്കകം ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ലെങ്കില്‍ അഡ്മിഷന്‍ റദ്ദാകും. 5 ലക്ഷം കടം വാങ്ങിയതിന്റെ പലിശയടക്കാന്‍ തന്നെ ഇവര്‍ പാടുപെടുകയാണ്. ഇനി പഠനം കൂടി മുടങ്ങുന്ന അവസ്ഥ ഇവര്‍ക്ക് ആലോചിക്കാനേ കഴിയില്ല. സഹായത്തിനായി സര്‍ക്കാരിന് മുന്നില്‍ കൈകൂപ്പുകയാണ് ഈ മിടുക്കിയുടെ കുടുംബം.