LiveTV

Live

Kerala

മിസോറം ലോട്ടറി വില്‍പന നിര്‍ത്തിവെച്ചു

മിസോറം ലോട്ടറി വില്‍പന നിര്‍ത്തിവെച്ചു
Summary
സംസ്ഥാന സര്‍ക്കാറിനെ മിസോറാം ഇക്കാര്യം അറിയിച്ചു

മിസോറാം ലോട്ടറി വില്‍പന നിര്‍ത്തിവെച്ചു. ലോട്ടറി വില്‍പ്പന അടിയന്തരമായി നിര്‍ത്തിവെക്കുന്നതായി മിസോറാം സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെയാണ് മിസോറാം സര്‍ക്കാരിന്‍റെ നടപടി.

മിസോറാം ധനകാര്യ സെക്രട്ടറിയുടെ പേരിലാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. 24.07ലെ വിജ്ഞാപനപ്രകാരമുള്ള സൂപ്പര്‍ ഡീലക്സ് വീക്കിലി ലോട്ടറിയുടെ വില്‍പന അടിയന്തരമായി പിന്‍വലിക്കുന്നുവെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ലോട്ടറി വില്‍പന നടത്തില്ലെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ മാസമാണ് മിസോറാം ലോട്ടറി വില്‍പനയുടെ പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കേന്ദ്ര ലോട്ടറി റഗുലേഷന്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മിസോറാം ലോട്ടറി വില്‍പനയെന്നായിരുന്നു കേരളത്തിന്‍റെ നിലപാട്. വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് പാലക്കാട് ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന അഞ്ച് കോടി ടിക്കറ്റുകള്‍ പിടിച്ചെടുക്കുകയും ജീവനക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മിസോറാം ലോട്ടറി നടത്തിപ്പുകാര്‍ വമ്പിച്ച നികുതി വെട്ടിപ്പ് നടത്തുന്നതായുള്ള സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ലോട്ടറി നിരോധിക്കണമെന്ന് കേരളം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്‍റെ നിലപാട് അന്യായമാണെന്നും ലോട്ടറി നിയമവിധേയമാണെന്നും അവകാശപ്പെട്ട് മിസോറാം ലോട്ടറി ഡയറക്ടര്‍ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കിയ അതേ തീയതിയിലാണ് ലോട്ടറി വില്‍പന നിര്‍ത്തിവെക്കുന്നതായി കാട്ടി കത്തയച്ചിരിക്കുന്നത്.