LiveTV

Live

Kerala

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ശൈലി തുടരണോ എന്ന് സിപിഎം പരിശോധിക്കണം: ജെയ്റ്റ്‌ലി

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ശൈലി തുടരണോ എന്ന് സിപിഎം പരിശോധിക്കണം: ജെയ്റ്റ്‌ലി
Summary
സന്ദര്‍ശനം സിപിഎമ്മിനെതിരെ ദേശീയതലത്തില്‍ നടക്കുന്ന സംഘടിത നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ശൈലി തുടരണമോ എന്ന് സിപിഎം ആത്മപരിശോധന നടത്തണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അക്രമത്തിലൂടെ ബിജെപി പ്രവര്‍ത്തകരെ വിരട്ടാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബിജെപി - സിപിഎം സംഘര്‍ഷത്തിന്‍റെയും ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടതിന്‍റെയും പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തിരുവനന്തപുരത്തെത്തിയത്. രാജേഷിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ജെയ്റ്റ്‌ലി അവരെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് നടന്ന അനുശോചന സമ്മേളനത്തിലാണ് ജെയ്റ്റ്‌ലി സിപിഎമ്മിനെയും സംസ്ഥാന സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയത്. ജനങ്ങളുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പക്ഷെ ഏകപക്ഷീയമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമപരമ്പരകള്‍ അരങ്ങേറിയിട്ടും തടയാന്‍ ശ്രമിക്കുന്നില്ലെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. അക്രമത്തില്‍ തളരില്ലെന്നും വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ദേശീയ നേതൃത്വത്തിന്‍റെയും രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തകരുടെയും എല്ലാ തലങ്ങളിലുമുള്ള പിന്തുണയും ജെയ്റ്റ്‌ലി അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കഴിയുന്ന ജയപ്രകാശിന്‍റെ വീടും ജെയ്റ്റ്‌ലി സന്ദര്‍ശിച്ചു. എംപിമാരായ രാജീവ് ചന്ദ്രശേഖര്‍, നളിന്‍കുമാര്‍ കട്ടീല്‍, റിച്ചാര്‍ഡ് ഹേ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഓ രാജഗോപാല്‍ എംഎല്‍എ എന്നിവരും ജെയ്‌റ്റ്‌ലിയെ അനുഗമിച്ചു.