LiveTV

Live

Kerala

കടലാടിപ്പാറ ഖനനം: തെളിവെടുപ്പിനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു

കടലാടിപ്പാറ ഖനനം: തെളിവെടുപ്പിനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു
Summary
പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ മടങ്ങി. നിലവിലെ സ്ഥിതി ഹൈക്കോടതിയെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കാസര്‍കോട് കടലാടിപ്പാറയിലെ ബോക്‌സൈറ്റ് ഖനന പദ്ധതിക്കായുള്ള പൊതു തെളിവെടുപ്പ് നടന്നില്ല. തെളിവെടുപ്പിനെത്തിയ കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു. തെളിവെടുപ്പ് നടത്താനാകാത്ത സാഹചര്യം ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ അറിയിക്കും.

പൊതു തെളിവെടുപ്പ് നടത്താന്‍ നിശ്ചയിച്ച നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് മുന്നില്‍ രാവിലെ ആറ് മണി മുതല്‍ തന്നെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തി തുടങ്ങിയിരുന്നു. മുംബൈ ആസ്ഥാനമായ ആശാപുര കമ്പനിക്ക് വേണ്ടി തെളിവെടുപ്പിനെത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്ന് പ്രതിഷേധത്തില്‍ മുദ്രാവാക്യം മുഴങ്ങി.

10.30 ഓടെ തെളിവെടുപ്പിനായി എത്തിയ ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബുവിനെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാര്‍ നൂറ് മീറ്ററകലെ തടഞ്ഞു. പ്രതിഷേധക്കാരുമായി കളക്ടര്‍ ചര്‍ച്ച നടത്തിയെങ്കിലും തെളിവെടുപ്പ് അനുവദിക്കില്ലെന്ന നിലപാടില്‍ സമരസമിതി ഉറച്ച് നിന്നു. ഇതോടെ തെളിവെടുപ്പ് നടത്താനാകാതെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള സംഘംമടങ്ങി.

എവിടെ തെളിവെടുപ്പ് നടത്തിയാലും കടലാടി പാറയില്‍ ഖനനം അനുവദിക്കില്ലെന്ന് സമര സമിതി അറിയിച്ചു. സ്ത്രീകളടക്കമുള്ളവര്‍ തെളിവെടുപ്പ് ഉപരോധസമരത്തിനെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.