LiveTV

Live

Kerala

പത്തനാപുരത്തെ 16 വയസുകാരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

പത്തനാപുരത്തെ 16 വയസുകാരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു
Summary
പെണ്‍കുട്ടി കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ തൂങ്ങിമരണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് സ്ഥലത്ത് നിന്ന് ലഭിച്ചില്ല

പത്തനാപുരം പിറവന്തൂരില്‍ 16 വയസുകാരി മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. പെണ്‍കുട്ടി കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ തൂങ്ങിമരണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പൊലീസിന് സ്ഥലത്ത് നിന്ന് ലഭിച്ചില്ല. ആസൂത്രിത കൊലപാതകത്തിന്‍റെ സാധ്യതകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ സീനയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ പ്രത്യക സംഘമാണ് മരിച്ച റിന്‍സിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് പ്രകാരം കയറോ അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ കഴുത്തില്‍ മുറുകിയാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചിരിക്കുന്നത്. ശരീരത്തില്‍ സംശയിക്കപ്പെടുന്ന തരത്തിലുള്ള മുറിവുകള്‍ കണ്ടെത്താനായിട്ടുമില്ല. എന്നാല്‍ തൂങ്ങിമരണത്തെ സാധൂകരിക്കുന്ന ഒരു തെളിവും പൊലീസിന് സ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ല. നിലത്ത് കിടത്തിയ നിലയിലാണ് മൃതശരീരം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ റൂമില്‍ നിന്നും മുറ്റത്തേക്കിറങ്ങുന്ന കതക് തുറന്ന് കിടന്നതും സ്വര്‍ണമാല നഷ്ടപ്പെട്ടതും സംശയം ജനിപ്പിക്കുകയും ചെയ്യുന്നു. പരിശോധനയ്ക്ക് എത്തിച്ച പൊലീസ്നായ പെണ്‍കുട്ടിയുടെ റൂമില്‍ നിന്നും വീടിനു പിറകിലൂടെ ഒരു കിലോമിറ്റര്‍ ഓടിപ്പോയതും പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ആസൂത്രിത കൊലപാതകത്തിന്‍റെ സാധ്യതകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. അടുത്ത ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴി പൊലീസ് ഇന്ന് തന്നെ രേഖപ്പെടുത്തും.