LiveTV

Live

Kerala

സിപിഎമ്മിന്റേത് കപട ഇടതു മുഖമെന്ന് ജിഗ്നേഷ് മേവാനി

സിപിഎമ്മിന്റേത് കപട ഇടതു മുഖമെന്ന് ജിഗ്നേഷ് മേവാനി
Summary
ഇടത്-ദലിത് ഐക്യം എന്നാല്‍ സിപിഎമ്മുമായി ദലിതര്‍ കൈകോര്‍ക്കുക എന്നല്ലെന്ന് ഉന സമര നായകന്‍ ജിഗ്നേഷ് മേവാനി.

ഇടത്-ദലിത് ഐക്യം എന്നാല്‍ സിപിഎമ്മുമായി ദലിതര്‍ കൈകോര്‍ക്കുക എന്നല്ലെന്ന് ഉന സമര നായകന്‍ ജിഗ്നേഷ് മേവാനി. സിപിഎമ്മിന്റേത് കപട ഇടതു മുഖമാണ്. സിപിഎം ഇടതു പാര്‍ട്ടിയാണെങ്കില്‍ കേരളത്തില്‍ രണ്ടാം ഭൂപരിഷ്കരണം നടത്താന്‍ തയ്യാറാവണമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കുമ്പോഴായിരുന്നു ജിഗ്നേഷ് മേവാനിയുടെ ഈ പ്രതികരണം.

ഗോവിന്ദാപുരത്തെത്തിയ ജിഗ്നേഷ് മേവാനി ദലിത് സംഘടനകളുടെ പരിപാടികളില്‍ പങ്കെടുത്തു. ഗോവിന്ദാപുരം കോളനിയിലെ ചക്ലിയരുടെ ശോച്യാവസ്ഥ നേരില്‍ കണ്ട ജിഗ്നേഷ് മേവാനി ജാതി കോളനികള്‍ ഇല്ലായ്മ ചെയ്താലേ ജാതി നിര്‍മാര്‍ജനം സാധ്യമാവൂയെന്ന് പറഞ്ഞു. എന്നാല്‍, ജാതിക്കോളനികള്‍ നിലനിര്‍ത്താനാണ് കേരളത്തിലെ ഇടതു പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.

ഗുജറാത്ത് മോഡല്‍ പോലെ വ്യാജമാണ് കേരള മോഡല്‍ എന്ന പ്രചാരണം. രണ്ടും ദലിത് വിരുദ്ധമാണ്. പട്ടികജാതിക്കാര്‍ക്കെതിരായ പീഡനങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് കേരളത്തില്‍ ദേശീയ ശരാശരിയെക്കാള്‍ കുറ‍ഞ്ഞ നിരക്കിലാണ്. ഗുജറാത്തിലും ഇതു തന്നെയാണ് സ്ഥിതിയെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.