LiveTV

Live

Kerala

വന്‍വിജയമായി മാലിന്യ സംസ്കരണത്തിന്റെ ആലപ്പുഴ മാതൃക

വന്‍വിജയമായി മാലിന്യ സംസ്കരണത്തിന്റെ ആലപ്പുഴ മാതൃക
Summary
ഗാര്‍ഹിക മാലിന്യ സംസ്കരണത്തില്‍ കേരളത്തിലെ നഗരങ്ങള്‍ക്കാകെ മാതൃകയാണ് ആലപ്പുഴയില്‍ നടപ്പാക്കിയിട്ടുള്ള എയ്‌റോബിക് കംപോസ്റ്റ് പദ്ധതി. 2013ല്‍ തോമസ് ഐസകിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാലിന്യ സംസ്കരണ പദ്ധതി..

ഗാര്‍ഹിക മാലിന്യ സംസ്കരണത്തില്‍ കേരളത്തിലെ നഗരങ്ങള്‍ക്കാകെ മാതൃകയാണ് ആലപ്പുഴയില്‍ നടപ്പാക്കിയിട്ടുള്ള എയ്‌റോബിക് കംപോസ്റ്റ് പദ്ധതി. 2013ല്‍ തോമസ് ഐസകിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാലിന്യ സംസ്കരണ പദ്ധതി വന്‍വിജയമായതിനെത്തുടര്‍ന്ന് ഇപ്പോള്‍ നഗരസഭ ഇത് കൂടുതല്‍ വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം പ്ലാസ്റ്റിക്കും ഇ വേസ്റ്റുകളും ജനങ്ങളില്‍ നിന്ന് സംഭരിക്കുന്ന പദ്ധതിയ്ക്കും ആലപ്പുഴ നഗരസഭ തുടക്കമിട്ടു.

12 കേന്ദ്രങ്ങളില്‍ 140 എയ്റോബിക് കംപോസ്റ്റ് യൂണിറ്റുകളുമായി ആരംഭിച്ച മാലിന്യ സംസ്കരണ പദ്ധതിയില്‍ ഇപ്പോള്‍ 18 കേന്ദ്രങ്ങളും 221 കംപോസ്റ്റ് നിര്‍മാണ യൂണിറ്റുകളുമുണ്ട്. ഇനിയും കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നഗരസഭ പദ്ധതിയിട്ടിട്ടുണ്ട്.

ജൈവ മാലിന്യ കേന്ദ്രങ്ങള്‍ക്ക് സമീപം തന്നെ പ്ലാസ്റ്റിക്കും ഇ വേസ്റ്റുകളും സംഭരിക്കാനുള്ള കേന്ദ്രങ്ങളും തുറന്നു കൊണ്ടിരിക്കുന്നു. മാലിന്യങ്ങള്‍ കുന്നു കൂടിക്കിടന്നിരുന്ന കേന്ദ്രങ്ങളെല്ലാം ഇതോടെ കാണാന്‍ ഭംഗിയുള്ള സംഭരണ സംസ്കരണ കേന്ദ്രങ്ങളായി മാറി. ജനങ്ങള്‍ കൊണ്ടു വരുന്ന മാലിന്യങ്ങള്‍ സംഭരിച്ച് കംപോസ്റ്റാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുത്തു വെക്കാനും നഗരസഭയുടെ ജീവനക്കാരുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി സ്വകാര്യ കമ്പനികള്‍ക്ക് സൌജന്യമായി നല്‍കുകയാണ് ചെയ്യുന്നത്. കംപോസ്റ്റ് നഗരപരിധിയിലെ ജനങ്ങള്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്ക് സൌജന്യമായി നല്‍കും. ഇതിനു ശേഷവും ബാക്കി വരുന്നത് നഗരസഭയുടെ ഗോഡൌണിലേക്ക് മാറ്റും. ഇത് പൊടിച്ച് പാക്കറ്റിലാക്കി വിപണിയിലിറക്കാനുളള ആലോചനകളും നടക്കുന്നുണ്ട്.

കൂടുതല്‍ മാലിന്യ സംഭരണ സംസ്കരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനൊപ്പം, ഇത്രയും സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മാലിന്യങ്ങള്‍ റോഡരുകില്‍ വലിച്ചെറിയുന്ന ചെറിയൊരു ശതമാനം ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ കൂടി അധികൃതര്‍ നടത്തുന്നുണ്ട്.