LiveTV

Live

Kerala

ദീപാനിശാന്തിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ സംഘപരിവാര്‍ ഗ്രൂപ്പില്‍ ആഹ്വാനം

ദീപാനിശാന്തിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ സംഘപരിവാര്‍ ഗ്രൂപ്പില്‍ ആഹ്വാനം
Summary
ദീപാ നിശാന്തിനെ കായികമായി ആക്രമിക്കുകയോ മുഖത്ത് ആസിഡ് ഒഴിക്കുകയോ ചെയ്യണമെന്നാണ് കേരള ഹിന്ദു രക്ഷാ സേന ഗ്രൂപ്പിലെ ആഹ്വാനം.

കേരളവര്‍മ കോളജില്‍ എം എഫ് ഹുസൈന്‍റെ പെയിന്‍റിങ് ഉള്‍പ്പെടുത്തിയ എസ്എഫ്ഐയുടെ ബാനറിനെ അനുകൂലിച്ചതിന്‍റെ പേരില്‍ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം തുടരുന്നു. ദീപാ നിശാന്തിനെ കായികമായി ആക്രമിക്കുകയോ മുഖത്ത് ആസിഡ് ഒഴിക്കുകയോ ചെയ്യണമെന്നാണ് കേരള ഹിന്ദു രക്ഷാ സേന ഗ്രൂപ്പിലെ ആഹ്വാനം.

ആ ദീപാ നിശാന്തിനെ ശാരീരികമായി പോറല്‍ ഏല്‍പ്പിക്കാന്‍ കേരളത്തില്‍ ഹിന്ദുക്കള്‍ ആരുമില്ലേ എന്നു ചോദിച്ചു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. അനില്‍ കുമാര്‍ യെസീദി എന്നയാളാണ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. തലവെട്ടാനോ കൊല്ലാനോ പറയുന്നില്ല, മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏല്‍പ്പിക്കുകയോ എങ്കിലും ചെയ്തു കൂടെ? ഇതിന് വധശിക്ഷ ഒന്നുംകിട്ടില്ലല്ലോ? കൂടി പോയാല്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യും. ഫോട്ടോ മോര്‍ഫ് ചെയ്താലും ഇത്രയൊക്കെയേ നടക്കൂ- പോസ്റ്റില്‍ പറയുന്നു.

ദീപാ നിശാന്തിന്‍റെ കുടുംബാംഗങ്ങളെ ആക്രമിക്കാനും പോസ്റ്റ് ആഹ്വാനം ചെയ്യുന്നു. കുട്ടികളെ ശാരീരികമായി അല്ലെങ്കില്‍ മാനസികമായി പീഡിപ്പിക്കണം, മാതാപിതാക്കളെ പെരുവഴിയിലിട്ട് അപമാനിക്കാനുമാണ് ആഹ്വാനം. ഇന്നാട്ടില്‍ 100 രൂപയ്ക്ക് വേണ്ടി ആരെയും കൊല്ലാന്‍ വരെ തയ്യാറുള്ള ബിഹാറികള്‍ ഉണ്ടെന്നും കേരളത്തില്‍ ഉള്ളവരോട് ചിന്തിക്കാനും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

കാവിപ്പട എന്ന ഫേസ്ബുക്ക് പേജില്‍ നഗ്‌ന ചിത്രത്തില്‍ ദീപയുടെ മുഖം മോര്‍ഫ് ചെയ്തുകൊണ്ടുള്ള പ്രചാരണവും നടന്നു. "തലവെട്ടി വേറൊരു നഗ്നമായ ഉടലിലൊട്ടിച്ചത് കണ്ട് ഹൃദയം നൊന്ത് സ്വയം തീ കൊളുത്തുകയോ ഉത്തരത്തിൽ സ്വന്തം ശരീരം കൊളുത്തിയിടുകയോ ചെയ്യേണ്ടിവന്നിരുന്ന പാവം പെൺകുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി, പരാതി കൊടുത്ത് രണ്ടാം ദിവസം കൂളായി ജോലിക്ക് ചെന്ന് ചെയ്തവനേം ചെയ്യിച്ചവനേം നാടുമുഴുവൻ കൊണ്ട് നടന്ന് പഴനിക്ക് പോവാൻ നോമ്പെടുത്തവരെപ്പോലെ തെണ്ടിക്കുന്ന കാലമാണ്. അതിനിടയിലാണ് മോർഫിങ്. അതുകണ്ട് ഇവിടാരും തൂങ്ങിച്ചാവാനൊന്നും പോകുന്നില്ല. പോയി പണി നോക്ക്" എന്നാണ് ദീപ നിശാന്ത് മോര്‍ഫ് ചെയ്തുകൊണ്ടുള്ള പ്രചരണത്തോട് പ്രതികരിച്ചത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദീപ നിശാന്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് കായികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ദീപാനിശാന്തിന്‍റെ മുഖത്ത് ആസിഡ് ഒഴിക്കാന്‍ സംഘപരിവാര്‍ ഗ്രൂപ്പില്‍ ആഹ്വാനം