LiveTV

Live

Kerala

അടൂരിന് ദിലീപിനെ അറിയാവുന്നതുകൊണ്ട് മാധ്യമങ്ങള്‍ മിണ്ടാതിരിക്കണമോ? ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

അടൂരിന് ദിലീപിനെ അറിയാവുന്നതുകൊണ്ട് മാധ്യമങ്ങള്‍ മിണ്ടാതിരിക്കണമോ? ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
Summary
സ്വാധീനമുള്ള ഉന്നത ശ്രേണിയിലിരിക്കുന്നവരുടെ കൊള്ളരുതായ്മകള്‍ മറച്ചു പിടിക്കണമെന്ന സന്ദേശമാണ് അടൂര്‍ നല്കുന്നത്

നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ മനുഷ്യാവാകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.സ്വാധീനമുള്ള ഉന്നത ശ്രേണിയിലിരിക്കുന്നവരുടെ കൊള്ളരുതായ്മകള്‍ മറച്ചു പിടിക്കണമെന്ന സന്ദേശമാണ് അടൂര്‍ നല്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് നൂറ് വട്ടം ആലോചിച്ചിട്ട് ചെയ്യേണ്ട കാര്യമാണ്. അതും ഹീനമായ കുറ്റകൃത്യം ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്തു എന്ന ആരോപണത്തിന്റെ നിഴലില്‍ നിലക്കുന്ന വ്യക്തിയെ രക്ഷിക്കാനുള്ള അടുരിന്റെ വ്യഗ്രത സംശയത്തിനിടയാക്കുമെന്നുറപ്പാണെന്ന് പോസ്റ്റില്‍ പറയുന്നു. ഞാനറിയുന്ന ദിലീപ് അധോലോക നായകനോ ദുഷ്ടനോ അല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അടൂര്‍ പറഞ്ഞത്. അടൂര്‍ ഒടുവില്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ നായകന്‍ ദിലീപായിരുന്നു.

അടൂരിന് ദിലീപിനെ അറിയാവുന്നതുകൊണ്ട് മാധ്യമങ്ങള്‍ മിണ്ടാതിരിക്കണമോ? ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

ജോമോന്റെ പോസ്റ്റ് വായിക്കാം

അടൂരിന്റെ സ്വഭാവ സർട്ടിഫിക്കറ്റ്
അശ്വതി ദോർജി IPS ന് സ്വീകാര്യമോ?

"ഞാനറിയുന്ന ദിലീപ് അധോലോക നായകനോ ദുഷ്ടനോ അല്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ. ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കേണ്ടത് കോടതിയാണ്, താനല്ല. കോടതി വിധിക്കേണ്ട സ്ഥാനത്ത് പക്ഷേ, ഇപ്പോൾ മാധ്യമങ്ങളാണ് ദിലീപിനെ ശിക്ഷിക്കുന്നത് . സത്യം തെളിയും വരെ മാധ്യമങ്ങൾ ക്ഷമകാത്തിക്കണമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. " (മാതൃഭുമി)

കേരളാ പോലീസ് രാജ്യത്തെ നിയമ വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് നടിയെ ആക്രമിച്ച കേസന്വേഷിക്കുന്നത്. പോലീസ് കണ്ടെത്തിയ തെളിവുകളും വിവരങ്ങളും അടിസ്ഥാനമാക്കിയല്ലേ മാധ്യമങ്ങൾ ദിലിപിനെ ക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അടൂർ ഗോപാല കൃഷ്ണന് ദിലീപിനെ അറിയാവുന്നതുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ മിണ്ടാതിരിക്കണമെന്നാണോ താങ്കൾ പറയുന്നത്.? ഈ നിലപാട് അപകടകരമാണ്. സ്വാധീനമുള്ള ഉന്നത ശ്രേണിയിലിരിക്കുന്നവരുടെ കൊള്ളരുതായ്മകൾ മറച്ചു പിടിക്കണമെന്ന സന്ദേശമാണ് അടൂർ നല്കുന്നത് .

അടുരിന്റെ മകൾ അശ്വതി ദോർജിയും മരുമകൻ ഷെറിംഗ് ദോർജിയും മഹാരാഷ്ടകേഡറിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ്. ഇതു പോലെ അവരന്വേഷിക്കുന്ന കേസുകളിലെ പ്രതികൾക്ക് ഇമ്മാതിരി സർടിഫിക്കേറ്റ് കൊടുക്കാൻ താങ്കൾ 'തയ്യാറാകുമോ?
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ചാണോ കോടതികൾ കേസ് വിധിക്കുന്നത്?-
രാജ്യത്തിന്റെ ഉപ പ്രധാനമന്ത്രിയായിരുന്ന എൽ. കെ. അഡ്വാനി ബാബ്റി മസ്ജിദ് പൊളിച്ച കേസിലെ പ്രതിയാണ്. പള്ളി പൊളിക്കൽ സംഭവത്തെ കുറ്റപ്പെടുത്തി മാധ്യമങ്ങൾ ഒരു പാട് വാർത്തകൾ കൊടുത്തിരുന്നു. അദ്വാനിയുടെ റോളിനെക്കുറിച്ചും മാധ്യമങ്ങൾ വാർത്ത കൊടുത്തിരുന്നു.
അഡ്വാനി മാന്യനും മഹാനുമാണെന്ന് RSS നേതാവ് മോഹൻ ഭാഗവത്തോ, മറ്റ് നേതാക്കളോ പറഞ്ഞാൽ മാധ്യമങ്ങൾ മിണ്ടാതിരിക്കണോ?
ഇത്തരം സ്വഭാവ സർട്ടിഫിക്കേറ്റുകളെ അടിസ്ഥാനമാക്കിയാണോ കോടതി വിധി പ്രസ്താവം നടത്തുന്നത്. ഒരു സ്ത്രീയെ ബലാൽസംഗം ചെയ്തതിന് കൊട്ടേഷൻ കൊടുത്ത സംഭവത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിലെ കുറ്റാരോപിതരുടെ റോളിനെ ക്കുറിച്ച് ഒട്ടേറെ ദുരൂഹതകൾ, അവ്യക്തതകൾ നിലനില്ക്കുന്നുണ്ട്. അതെക്കുറിച്ചുള്ള വിവരങ്ങളല്ലേ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്.
അടൂർ ഗോപാലകൃഷ്ണൻ സാറെ, താങ്കൾക്കറിയാവുന്ന പി. ഗോപാലകൃഷ്ണൻ എന്ന ദിലീപാണ് ഒരു സ്ത്രീയെ ബലാൽസംഗം ചെയ്യാൻ കൊട്ടേഷൻ കൊടുത്തതെന്ന് പോലീസ് അവരുടെ പക്കലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ പറഞ്ഞിരിക്കുന്നത്. പോലീസിന്റെ നിഗമനങ്ങൾ തെറ്റാണെങ്കിൽ കോടതിയിൽ തെളിയിക്കാനാവില്ലേ?

പെൺകുട്ടിയെ ബലാൽസംഗം ചെയ്തു വെന്ന് പോലീസ് പറയുന്ന പൾസർ സുനി ,ജയിലിൽ നിന്ന് ഫോൺ വിളിച്ചതും, കത്തു കൊടുത്തു വിട്ടതും ദിലീപേട്ടനാണ്. അല്ലാതെ ദിലീപ് അഭിനയിച്ച പടത്തിന്റെ സംവിധായകനായ സാക്ഷാൽ അടൂർ ഗോപാല കൃഷ്ണനല്ലെന്ന് ഓർക്കണം. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിക്ക് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് നൂറ് വട്ടം ആലോചിച്ചിട്ട് ചെയ്യേണ്ട കാര്യമാണ്. അതും ഹീനമായ കുറ്റകൃത്യം ചെയ്യാൻ കൊട്ടേഷൻ കൊടുത്തു എന്ന ആരോപണത്തിന്റെ നിഴലിൽ നിലക്കുന്ന വ്യക്തിയെ രക്ഷിക്കാനുള്ള അടുരിന്റെ വ്യഗ്രത സംശയത്തിനിടയാക്കുമെന്നുറപ്പാണ്.