LiveTV

Live

Kerala

കൊതുകിനെ തുരത്താന്‍ കാക്കിക്കൂട്ടം; ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പൊലീസ്

കൊതുകിനെ തുരത്താന്‍ കാക്കിക്കൂട്ടം; ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പൊലീസ്
Summary
ഇടുക്കി തൊടുപുഴയിലാണ് പൊലീസിന്റെ് വേറിട്ട മുഖം

ഡെങ്കിപ്പനി ഭീതിയിലുള്ള സംസ്ഥാനത്ത് കൊതുകുകളെ തുരത്താന്‍ കാക്കിക്കൂട്ടം. മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങള്‍ വൃത്തിയാക്കാനെത്തിയത് സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ സിഐ വരെയുള്ളവര്‍. ഇടുക്കി തൊടുപുഴയിലാണ് പൊലീസിന്റെ വേറിട്ട മുഖം. ഇടുക്കി ജില്ലാ ആശുപത്രിയില്‍ രാവിലെ കൈതൂമ്പകളും, കൊട്ടകളുമായെത്തിയ കാക്കിക്കൂട്ടത്തെ കണ്ട് രോഗികള്‍ ഒരു നിമിഷം പകച്ചു പോയി.

പിന്നീട് ആശുപത്രി കെട്ടിടങ്ങളുടെ പിന്നാമ്പുറങ്ങളിലെത്തി കാടുകള്‍ വെട്ടിത്തെളിച്ചും, മാലിന്യങ്ങള്‍ നീക്കം ചെയ്തുമുള്ള വനിതാ പൊലീസുള്‍പ്പടെയുള്ളവരുടെ പ്രവൃത്തി കണ്ട് രോഗികളുടെ മുഖത്ത് ആശ്ചര്യം. കേരളത്തെ മാലിന്യമുക്തമാക്കുന്നതില്‍ പൊലീസിനും പങ്കുണ്ടാകണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു തൊടുപുഴ ജനമൈത്രി പൊലീസിന്റെ ശുചീകരണം.

ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലാ ആയുര്‍വേദ ആശുപത്രിയും, പൊലീസ് സ്റ്റേഷന്‍ പരിസരവും ശുചീകരണം നടത്തിയശേഷമായിരുന്നു ജില്ല ആശുപത്രിയിലെ പ്രവൃത്തി . 150 തലയിണയും ബഡ്ഷീറ്റുകളും സംഭാവന നല്‍കിയാണ് ജനമൈത്രി പൊലീസ് മടങ്ങിയത്.