LiveTV

Live

Kerala

മാലിന്യസംസ്കരണം; വേറിട്ട മാതൃകയുമായി സുല്‍ത്താന്‍ബത്തേരി നഗരസഭ

മാലിന്യസംസ്കരണം;  വേറിട്ട മാതൃകയുമായി സുല്‍ത്താന്‍ബത്തേരി നഗരസഭ
Summary
മാലിന്യസംസ്കരണത്തിന്‍റെ സ്ഥിരം വഴികളില്‍ നിന്ന് മാറിനടക്കാനൊരുങ്ങുകയാണ് വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി നഗരസഭ

മാലിന്യസംസ്കരണത്തിന്‍റെ സ്ഥിരം വഴികളില്‍ നിന്ന് മാറിനടക്കാനൊരുങ്ങുകയാണ് വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി നഗരസഭ. ഡിഡാസ്ക് എന്ന കമ്പനിയുമായി ചേര്‍ന്ന് തയ്യാറാക്കുന്ന പദ്ധതി മാലിന്യത്തില്‍ നിന്ന് വൈദ്യുതിയും വളവും ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ജര്‍മന്‍ സാങ്കേതിക വിദ്യയുപയോഗിച്ച് നിര്‍മിക്കുന്ന പ്ലാന്‍റ് മറ്റ് നഗരസഭകള്‍ക്കും മാതൃകയാവുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ജില്ലയായ വയനാടിനെ അലട്ടുന്ന പ്രശ്നമാണ് പെരുകുന്ന മാലിന്യം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നും ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനങ്ങളില്ല. മാലിന്യം കത്തിച്ചുകളയുന്ന ഇന്‍സിനേറ്റര്‍ സംവിധാനമാണെങ്കില്‍ കാലഹരണപ്പെട്ടതുമാണ്. ഈ സാഹചര്യത്തിലാണ് മാലിന്യസംസ്കരണത്തിന്‍റെ സ്ഥിരം വഴികളില്‍ നിന്ന് മാറിനടക്കാന്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ ഒരുങ്ങുന്നത്.

മാലിന്യം സംസ്കരിച്ച് ജൈവവളവും വൈദ്യുതിയും ഉണ്ടാക്കുന്നതാണ് പദ്ധതി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന മാലിന്യം അടച്ചുറപ്പുള്ള ബാരലുകളിലാവും കൊണ്ടുപോവുക. മാലിന്യത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ട്രാന്‍സ്ഫോര്‍മര്‍ വഴി കെഎസ്ഇബിക്ക് കൈമാറും. 300 കിലോഗ്രാം വളവും 4000 ലിറ്റര്‍ ദ്രവരൂപത്തിലുള്ള വളവും ദിനംപ്രതി ഉത്പാദിപ്പിക്കും. നഗരസഭയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ബ്രാന്‍ഡിലാവും വളത്തിന്‍റെ വില്‍പന. മാലിന്യം നല്‍കുന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. നല്‍കുന്ന മാലിന്യത്തിന് ആനുപാതികമായി ഇന്‍സന്റീവും വളത്തിന് സബ്സിഡിയും ഇവര്‍ക്കുണ്ടാവും.

പ്ലാസ്റ്റിക്, ഗ്ലാസ് മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിച്ച ശേഷം കയറ്റി അയക്കാനാണ് പദ്ധതി. നഗരസഭ നടപ്പാക്കാന്‍ പോവുന്ന മാലിന്യസംസ്കരണ പദ്ധതി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും ഉള്‍പ്പെട്ടിരുന്നു. നൂറ് പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും കഫ്ത്തീരിയയും അടങ്ങുന്നതാണ് പ്ലാന്‍റ്. നാല് മാസം കൊണ്ട് പ്ലാന്‍റിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ.