LiveTV

Live

Kerala

മഴവെള്ള സംഭരണത്തിന് ചെലവുകുറഞ്ഞ മാതൃക

മഴവെള്ള സംഭരണത്തിന് ചെലവുകുറഞ്ഞ മാതൃക
Summary
ഒന്നര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള കുളമാണ് അന്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. പരമാവധി മഴവെള്ളം..

മഴവെള്ള സംഭരണത്തിന് ചെലവുകുറഞ്ഞ മാതൃകയുമായി അന്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം. ഒന്നര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള കുളമാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. പരമാവധി മഴവെള്ളം സംഭരിച്ചു വരള്‍ച്ചയെ ചെറുക്കുകയാണ് ലക്ഷ്യം.

വീട്ടിലും പറന്പിലും പെയ്യുന്ന മഴവെള്ളം സംഭരിക്കാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ അന്പലവയല്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിലേക്ക് വരാം. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ മഴവെള്ള സംഭരണത്തിന്റെ പുത്തന്‍ മാതൃക തീര്‍ക്കുകയാണ് ഈ കാര്‍ഷിക ഗവേഷണ കേന്ദ്രം. സിമന്റ് മിശ്രിതത്തില്‍ ചണച്ചാക്ക് മുക്കിയെടുത്ത് ഭിത്തിയിലും നിലത്തും പതിപ്പിച്ചാണ് നിര്‍മാണം. നിര്‍മാണച്ചെലവാകട്ടെ ലിറ്ററിന് അഞ്ച് പൈസ മാത്രം. ഇപ്പോള്‍പെയ്യുന്ന മഴയുടെ 90 ശതമാനത്തോളം പാഴായിപ്പോവുന്നത് തടയാന്‍ ഇത്തരം സംഭരണികള്‍ക്കാവും.

മൂന്ന് മാതൃകകളാണ് മഴവെള്ള സംഭരണികള്‍ക്കായി ആവിഷ്കരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ചെലവ് കുറഞ്ഞതും മികച്ചതുമാണ് ചാക്ക്-സിമന്റ് മിശ്രിത രീതി. ഈ രീതി പ്രായോഗികമാക്കുന്നതിന് ജില്ലയിലെ ഇരുന്നൂറോളം കര്‍ഷകര്‍ക്ക് ഗവേഷണ കേന്ദ്രം പരിശീലനം നല്‍കിയിരുന്നു. കെട്ടിടങ്ങളില്‍ നിന്നുള്ള മഴവെള്ളം പൈപ്പ് ഉപയോഗിച്ച് സംഭരണിയില്‍ എത്തിക്കാം. വെള്ളം സംഭരിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് കുളത്തില്‍ മീന്‍ വളര്‍ത്താനും സാധിക്കും.

നിലവിലുള്ള ജലസ്രോതസ്സുകളുടെ ആഴം കൂട്ടിയും ജലലഭ്യത വര്‍ദ്ധിപ്പിച്ചും വരള്‍ച്ചയെ നേരിടുകയാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. മൂന്ന് വര്‍ഷം കൊണ്ട് ജില്ലയില്‍ 15 മഴവെള്ള സംഭരണികള്‍ നിര്‍മിച്ചു. കഴിഞ്ഞ വേനല്‍ക്കാലത്ത് മാത്രം 30 കോടി ലിറ്റര്‍ വെള്ളമാണ് ഇവിടെ സംഭരിച്ചത്.