LiveTV

Live

Kerala

എം സാന്റ് യൂണിറ്റുകളുടെ പ്രവര്‍ത്തനം: മാവൂരില്‍ ‍ ജലക്ഷാമം രൂക്ഷം

എം സാന്റ് യൂണിറ്റുകളുടെ പ്രവര്‍ത്തനം: മാവൂരില്‍ ‍ ജലക്ഷാമം രൂക്ഷം
Summary
എം സാന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെന്ന് രേഖകള്‍. പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

കോഴിക്കോട് മാവൂര്‍ എം സാന്റ് മാഫിയ കീഴടക്കിയിട്ട് കാലങ്ങളായി. അനധികൃതമായി എം സാന്‍റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്നു. നിരവധി തണ്ണീര്‍ തടങ്ങളുളള മാവൂരില്‍ കൃഷിക്കും കുടിക്കാനുമെല്ലാം വെള്ളമെത്തിക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

തണ്ണീര്‍തടങ്ങളാല്‍ സമ്പന്നമാണ് മാവൂര്‍ പഞ്ചായത്ത്. അതിനാല്‍ തന്നെ നല്ല ശുദ്ധജലവും സുലഭമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ. പ്രദേശത്തെ തണ്ണീര്‍തടങ്ങള്‍ ലക്ഷ്യം വെച്ച് എം സാന്‍റ് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കുടിവെള്ളത്തിനായി അലയേണ്ട അവസ്ഥയാണിവര്‍ക്ക്.

തോടുകളെല്ലാം വറ്റി. കോഴിക്കോട് ജില്ലയില്‍ വാഴകൃഷിക്ക് പേര് കേട്ട ഇവിടെ കാര്‍ഷികാവശ്യത്തിനും വെള്ളം ലഭിക്കുന്നില്ല.ഉറവവറ്റാത്ത കിണറുകളില്‍ വരെ ജലനിരപ്പ് ഏറെ താഴ്ന്നു. മറ്റ് കിണറുകള്‍ മലിനമായി. എം സാന്‍റ് യൂണിറ്റുകളിലെ അവശിഷ്ടങ്ങള്‍ നീര്‍ത്തടങ്ങളില്‍ തള്ളുന്നതാണ് ഇതിന് കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു.

കുടിവെള്ളം മുട്ടിക്കുന്നതും പരിസരമലിനീകരണം നടത്തുന്നതുമായ എം സാന്‍റ് യൂണിറ്റുകള്‍ക്കെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

വന്‍ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന എം സാന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെയാണെന്നും രേഖകള്‍ തെളിയിക്കുന്നു. മണല്‍ നിരോധം കൂടി വന്നതോടെ എം സാന്‍റ് യൂണിറ്റുകളുടെ എണ്ണവും കൂടും.

മാവൂര്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ പ്രകാരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത് 12 എം സാന്‍റ് യൂണിറ്റുകള്‍. ഇതില്‍ രണ്ടെണ്ണത്തിന് മാത്രമേ അനുമതിയുളളൂ എന്നാണ് പഞ്ചായത്ത് തന്നെ നല്കുന്ന വിശദീകരണം. മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെയോ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെയോ അംഗീകാരമില്ല. അംഗീകാരമില്ലാത്ത എം സാന്‍റ് യൂണിറ്റുകള്‍ക്ക് സ്റ്റോപ് മെമ്മോ നല്കിയിട്ടുണ്ടെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. ഇനി പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്കിയ എം സാന്‍റ് യൂണിറ്റുകള്‍ കാണാം. എല്ലാം പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍.

പഞ്ചായത്തിന്‍റെ രേഖകളില്‍ 12 എണ്ണം മാത്രമേ ഉള്ളൂ എങ്കിലും അതിലേറെ യൂണിറ്റുകള്‍ വിവിധവാര്‍ഡുകളിലായുണ്ട്. ക്വാറികളില്‍ നിന്നും കൊണ്ട് വരുന്ന പാറപ്പൊടി കഴുകി എം സാന്‍റ് നിര്‍മ്മിച്ചതിന് ശേഷമുണ്ടാകുന്ന മലിന ജലവും അവശിഷ്ടങ്ങളും ഒഴുക്കുന്നത്. സമീപത്തെ തോടുകളിലേക്കും പുഴകളിലേക്കുമാണ്. ഇതോടെ പുഴകളും തോടുകളും എം സാന്‍റ് പാടങ്ങളായി മാറികൊണ്ടിരിക്കുന്നു.

പുഴകളും തോടുകളും മലിനമായതോടെ മാവൂരില്‍ കൂട്ടത്തോടെ എത്തികൊണ്ടിരുന്ന ദേശാ‌ടനപക്ഷികളുടെ എണ്ണത്തിലും കുറവുണ്ടായി.