LiveTV

Live

Kerala

നിസാം കാരുണ്യവാനെന്ന് നാട്ടുകാര്‍, പ്രതിയുടെ മോചനത്തിനായി തൃശൂരില്‍ പൊതുയോഗം

നിസാം കാരുണ്യവാനെന്ന് നാട്ടുകാര്‍, പ്രതിയുടെ മോചനത്തിനായി തൃശൂരില്‍ പൊതുയോഗം
Summary
പൊതുകാര്യ ധനസഹായിയും കാരുണ്യ ധർമ്മ സ്നേഹിയുമാണ് നിസാമെന്നുള്ള നോട്ടീസ് പ്രചാരണവും ആരംഭിച്ചിട്ടുണ്ട്

സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുന്ന മുഹമ്മദ് നിസാമിന്റെ ജയിൽ മോചനത്തിനായി പൊതു യോഗം. നിസാമിന്റെ നാട്ടുകാരാണ് ഇന്ന് തൃശൂർ മുറ്റിച്ചൂരിൽ പൊതു യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പൊതുകാര്യ ധനസഹായിയും കാരുണ്യ ധർമ്മ സ്നേഹിയുമാണ് നിസാമെന്നുള്ള നോട്ടീസ് പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഢംബര വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലാണ് നിസാം. നിസാമിന്റെ മോചന കാര്യം ചർച്ച ചെയ്യുന്നതിനാണ് ഇന്ന് അന്തിക്കാടിനടുത്ത മുറ്റിച്ചൂരിൽ പൊതു യോഗം വിളിച്ചിരിക്കുന്നത്.

യാദൃശ്ചികമായി പ്രകോപനങ്ങളിൽ ഉരുത്തിരിഞ്ഞ നിർഭാഗ്യകരമായ സംഭവമായിരുന്നു ചന്ദ്രബോസിന്റെ മരണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. മാധ്യമങ്ങൾ നിസാമിനെ കൊടും കുറ്റവാളിയായി ചിത്രീകരിക്കുന്നതായി വിമർശവുമുണ്ട്. നിസാം ജയിലിൽ കിടക്കുന്നതിനാൽ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ഭാവി തുലാസിലാടുന്നതായി പറഞ്ഞാണ് പൊതുയോഗത്തിന് തയ്യാറെടുക്കുന്നത്.