LiveTV

Live

Kerala

ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു
Summary
വിജിലൻസ് സൂപ്പർ പവ്വർ ആവേണ്ടന്നും പോലീസിന്റെ ഭാഗം മാത്രമാണെന്നും കോടതി

ഇ.പി ജയരാജനെതിരായ ബന്ധു നിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസിന് കോടതിയുടെ രൂക്ഷ വിമർശം. വിജിലൻസ് സൂപ്പർ പവ്വർ ആവേണ്ടന്നും പോലീസിന്റെ ഭാഗം മാത്രമാണെന്നും കോടതി സൂചിപ്പിച്ചു.

ബന്ധു നിയമനത്തിൽ ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകിയ വിജിലൻസ് കേസ് അവസാനിപ്പിക്കുകയാണെന്ന് ഇന്ന് കോടതിയെ അറിയിച്ചു. കെഎസ്ഐഡിസി എംഡി സ്ഥാനത്ത് സുധീര്‍ നമ്പ്യാരെ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുക്കാത്തതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്ന നിലപാടാണ് വിജിലന്‍സ് കോടതിയില്‍ സ്വീകരിച്ചത്.

തുടർന്നാണ് വിജിലൻസിനെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചത്. രാഷ്ട്രീയക്കാർക്കോ മാധ്യമങ്ങൾക്കോ അടിമപ്പെട്ടല്ല എഫ്.ഐ.ആർ രജിസ്ട്രർ ചെയ്യേണ്ടത്. മന്ത്രിസഭ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് പറയാൻ വിജിലൻസിന് അധികാരമില്ല. തീരുമാനം പുനഃപരിശോധിക്കേണ്ടത് കോടതിയാണ്. വിജിലൻസ് തങ്ങൾക്കുള്ള അധികാരം മനസിലാക്കണം. ക്രിമിനൽ നടപടി ചട്ടത്തിന് വിധേയമായി വേണം വിജിലൻസ് പ്രവർത്തിക്കാനെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി ആറാം തിയതി പരിഗണിക്കാനായി മാറ്റി.

എന്നാല്‍ ബന്ധുനിയമന കേസ് വിജിലൻസ് അവസാനിപ്പിച്ചെങ്കിലും മന്ത്രിസഭയിലേക്കുളള ഇ പി ജയരാജന്റെ തിരിച്ചുവരവ് എളുപ്പമാകാൻ ഇടയില്ല. ജയരാജന് വേണ്ടി മന്ത്രിസഭ പുനഃസംഘടന നടത്താൻ സിപിഎം തൽക്കാലം തയ്യാറാകില്ലെന്നാണ് സൂചന. ബന്ധുനിയമ വിവാദത്തിൽ പാർട്ടി നടപടി നേരിട്ടതും ജയരാജന് തിരിച്ചടിയാവും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുനിയമനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഇപി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ബന്ധുനിയമനം ഗൌരവതരമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയായിരുന്നു രാജി. ബന്ധുനിയമനക്കേസിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ ജയരാജന്റെ നില കൂടുതൽ പരുങ്ങലിലാകുകയും ചെയ്തു. എന്നാൽ 7 മാസത്തിന് ശേഷം കേസ് അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചതോടെ മന്ത്രിസഭയിലേക്ക് തിരിച്ചുവരാനുളള ജയരാജ് മുന്നിലെ നിയമതടസ്സം ഒഴിവാകുകയാണ്. മന്ത്രിസ്ഥാനം ജയരാജൻ തിരികെ ആവശ്യപ്പെട്ടാൽ സിപിഎമ്മിന് ഇക്കാര്യം ഗൌരവമായി പരിഗണിക്കേണ്ടിയും വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജയരാജന്റെ തിരിച്ചുവരവ് എളുപ്പമാകില്ലെന്നാണ് സൂചന.

ജയരാജനെ തിരിച്ചെടുക്കുകയാണെങ്കിൽ പകരം വന്ന എംഎ മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റേണ്ടിവരും. ഇതിന് മുഖ്യമന്ത്രി തയ്യാറാകില്ലെന്നാണ് സൂചന. മാത്രമല്ല ബന്ധുനിയമന വിവാദത്തിൽ പാർട്ടിക്കുളളിൽ ശിക്ഷണ നടപടി നേരിട്ടതും ജയരാജന് തടസ്സം സൃഷ്ടിക്കും. ബന്ധുനിയമനത്തിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ലെന്ന വാദം അംഗീകരിക്കുമ്പോഴും രാഷ്ട്രീയമായി ജയരാജൻ ചെയ്തത് ശരിയല്ലെന്ന നിലപാടാണ് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കുളളത്. നിരന്തരം വിവാദങ്ങളിൽപെടുന്ന ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. ഏതായാലും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാകും നിർണ്ണായകമാവുക.