LiveTV

Live

Kerala

തൊട്ടതെല്ലാം പിഴച്ച് ആഭ്യന്തരം

 തൊട്ടതെല്ലാം പിഴച്ച് ആഭ്യന്തരം
Summary
കണ്ടാല്‍ മിണ്ടാത്ത നളിനി നെറ്റോയും-സെന്‍കുമാറും.. ജേക്കബ് തോമസിന്റെ നിയമനം പ്രതീക്ഷിച്ച ഫലം നല്‍കിയില്ല..

എല്‍ഡിഎഫ് സര്‍ക്കാരിനെ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് ഏറ്റവും അധികം വലിച്ചിട്ട വകുപ്പാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം.പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പുറത്താക്കിയിട്ട് തിരിച്ചെടുക്കേണ്ടി വന്നത് വലിയ നാണക്കേട് ഉണ്ടാക്കി.പല യുഎപിഎ കേസുകളും വിവാദമായി.ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ വലയിലാക്കിയത് മാത്രമാണ് എടുത്ത് പറയാവുന്ന നേട്ടം.

പുതിയ പോലീസ് നയം,അത് നടപ്പാക്കാന്‍ പുതിയ പോലീസ് മേധാവി,അഴിമതി തുടച്ച് നീക്കാന്‍ വിജിലന്‍സ് തലപ്പത്ത് ജേക്കബ് തോമസ്.കുന്നോളം പ്രതീക്ഷയോടെയാണ് പിണറായി വിജയന്‍ ആഭ്യന്തര വകുപ്പില്‍ ഭരണം തുടങ്ങിയത്.ലോക്നാഥ് ബെഹ്റയുടെ നേത്യത്വത്തിലുള്ള പോലീസ് ജിഷക്കേസിലെ പ്രതിയെ പിടിച്ച് മിടുക്കും കാട്ടി.പക്ഷെ പിന്നീടിങ്ങോട്ട് തൊട്ടതെല്ലാം പിഴച്ചു.26 യുഎപിഎ കേസുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം ചുമത്തിയത്.ഇതില്‍ ഏതെണ്ടെല്ലാകേസും വിവാദമായി.നിലന്പൂരില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനെതിരെ ആദ്യം രംഗത്ത് വന്നത് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയാണ്.

ഇറക്കിവിട്ട ടിപി സെന്‍കമാറിനെ സ്വീകരിച്ച് ആനയിച്ച് അതേ സ്ഥാനത്ത് ഇരുത്തേണ്ടി വന്നു പിണറായി വിജയന്‍ സര്‍ക്കാരിന്.വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ച ജേക്കബ് തോമസിനെ അവധിയില്‍ പറഞ്ഞയച്ചതും സര്‍ക്കാര്‍ തന്നെ.താഴെതട്ടില്‍ ഉദ്യോഗസ്ഥരുണ്ടാക്കുന്ന തലവേദന കുറക്കാന്‍ എസ്ഐ മുതലുള്ളവരുടെ യോഗം ചരിത്രത്തിലാധ്യമായി നേരിട്ട് വിളിക്കേണ്ടി വന്നു മുഖ്യമന്ത്രിക്ക്.പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ നിയമനവും ചര്‍ച്ചകളില്‍ നിറഞ്ഞ് നിന്നു.

നേരിട്ട് കണ്ടാല്‍ പരസ്പരം മുഖം തിരിക്കുന്ന ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വെച്ചാണ് ഇപ്പോഴും സര്‍ക്കാരിന്റെ ഭരണം.