LiveTV

Live

Kerala

''ഉത്തരവ് വലിച്ചുകീറി ചവറ്റു കൊട്ടയിലെറിയണം, അതിന് കടലാസിന്റെ വിലപോലുമില്ല''

''ഉത്തരവ് വലിച്ചുകീറി ചവറ്റു കൊട്ടയിലെറിയണം, അതിന് കടലാസിന്റെ വിലപോലുമില്ല''
Summary
നിരോധം കേരളത്തില്‍ നടപ്പിലാക്കാനാവില്ലെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാരിന് ഇന്ന് തന്നെ കത്തയക്കുമെന്ന് മുഖ്യമന്ത്രി

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര ഉത്തരവിനെതിരെ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത്. ഉത്തരവ് കേരളത്തില്‍ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണിതെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു. ഉത്തരവിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രത്തിന് കത്തയക്കും.

കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിരോധം കേരളത്തില്‍ നടപ്പിലാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രമേശ് ചെന്നിത്തലയും പ്രധാനമന്ത്രിക്ക് കത്തയക്കും.. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വലിച്ചുകീറി ചവറ്റു കൊട്ടയിലെറിയണമെന്നും അതിന് അതിന് കടലാസിന്റെ വിലപോലുമില്ലെന്നും എ കെ ആന്റണി. നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും അധികാരക്കയ്യേറ്റവുമാണ് ആ ഉത്തരവ്. 'വിഭജിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് രീതിയാണ് ആര്‍എസ്എസ് തുടരുന്നതെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

കേന്ദ്രത്തിന്റെ നീക്കം ഭക്ഷണത്തിന്റെ മാത്രം പ്രശ്നമല്ല , ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കന്നുകാലി വില്‍പ്പന നിയന്ത്രിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ ശക്തമയ സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.
തിങ്കളഴ്ച കരിദിനം ആചരിക്കുകയും വ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടത്തുകയും ചെയ്യും.

നോട്ട് പിന്‍വലിച്ച് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഭക്ഷണവും പിന്‍വലിച്ചിരിക്കുകയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതേ സമയം എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി.

സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റ്
കശാപ്പിന് കാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളും കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തി. കാമ്പസുകളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.

സംസ്ഥാന വ്യാപക ബീഫ് ഫെസ്റ്റിനാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആഹ്വാനം ചെയ്തത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത് യൂനിവേസ്റ്റി കാമ്പസിലും മറ്റു പ്രദേശങ്ങളിലും ബീഫ് ഫെസ്റ്റ് നടന്നു. കൊല്ലത്ത് ഡി സി സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

ഡിസിസിക്ക് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തുകയും പ്രധാനമന്ത്രിക്ക് പാഴ്സലായി ബീഫ് അയക്കുകയും ചെയ്തു കൊല്ലത്തെ കോണ്‍ഗ്രസുകാര്‍. കൊച്ചിയില്‍ എഫ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ 16 കാമ്പസുകളില്‍ ബീഫ് ഫെസ്റ്റ് നടന്നു.