LiveTV

Live

Kerala

വേണ്ടത് വീടും വെള്ളവും വൈദ്യുതിയും; നല്‍കുന്നത് രണ്ടര കോടിയുടെ റോഡ്

വേണ്ടത് വീടും വെള്ളവും വൈദ്യുതിയും; നല്‍കുന്നത് രണ്ടര കോടിയുടെ റോഡ്
Summary
ഞങ്ങള്‍ 16 കുടുംബങ്ങള്‍ക്ക് എന്തിനാണ് കോടികളുടെ റോഡെന്ന് ചോദിക്കുന്നു വയനാട് പുല്‍പള്ളി ആദിവാസി കോളനി നിവാസികള്‍

വയനാട് പുല്‍പള്ളിയിലെ ആദിവാസി കോളനിയിലേക്കുള്ള റോഡ് പണി വിവാദത്തില്‍. പുനരധിവാസം കാത്തിരിക്കുന്ന ആദിവാസിക്കോളനിയിലേക്ക് കോടികള്‍ മുടക്കിയാണ് റോഡ് പണിയുന്നത്. തങ്ങളുടെ ആവശ്യമറിയാതെയാണ് വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് കോളനിക്കാരുടെ ആരോപണം.

വയനാട് പുല്‍പള്ളിയിലെ ചുള്ളിക്കാട് എന്ന വനഗ്രാമത്തിലേക്കൊരുങ്ങുന്ന റോഡാണിത്. പദ്ധതിച്ചെലവ് രണ്ട് കോടി 30 ലക്ഷം രൂപ. കോളനിയില്‍ 16 കാട്ടു നായ്ക്ക കുടുംബങ്ങളാണുള്ളത്. പലര്‍ക്കും വാസയോഗ്യമായ വീടുകളില്ല. കുടിവെള്ളവും വൈദ്യുതിയുമില്ല. ആനയെ ഭയന്ന് കൂലിപ്പണിക്ക് പോലും പോവാന്‍ കഴിയാറില്ല. ഇങ്ങനെ നരകജീവിതം നയിക്കുന്നവര്‍ക്കിടയിലേക്കാണ് കോടികള്‍ ചെലവിട്ട് ഒന്നര കിലോമീറ്റര്‍ വനപാത ഒരുക്കുന്നത്. ഇന്റര്‍ലോക്ക് വിരിച്ച റോഡിന് പകരം ജീവിക്കാനുള്ള അടിസ്ഥാനസൌകര്യങ്ങളാണ് വേണ്ടതെന്ന് കോളനിക്കാര്‍ പറയുന്നു.

ഈ തുകയുടെ പകുതി ഉപയോഗിച്ചാല്‍ 16 കുടുംബങ്ങള്‍ക്കും വനത്തിന് പുറത്ത് സ്ഥലം വാങ്ങി വീട് വെച്ചുനല്‍കാം. ഇത്രയും കുടുംബങ്ങള്‍ വന്യമൃഗശല്യത്തില്‍ നിന്ന് രക്ഷപ്പെടുന്നതോടൊപ്പം ഇവരുടെ കൈവശമുള്ള സ്ഥലം വനമാക്കി മാറ്റുകയും ചെയ്യാം. എന്നാല്‍ കോളനിക്കാരുടെ ആവശ്യമറിയാതെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഇടനിലക്കാര്‍ക്ക് പണം കൈക്കലാക്കാനുള്ള ഉപാധി മാത്രമാണെന്നാണ് ആരോപണം.