LiveTV

Live

Kerala

ബോണക്കാട് കുരിശുകള്‍ നാട്ടി വനം കയ്യേറ്റം; യുനെസ്കോയുടെ സംരക്ഷിത മേഖലയില്‍ 16 കുരിശുകള്‍

ബോണക്കാട് കുരിശുകള്‍ നാട്ടി വനം കയ്യേറ്റം; യുനെസ്കോയുടെ സംരക്ഷിത മേഖലയില്‍ 16 കുരിശുകള്‍
Summary
കുരിശുകള്‍ നാട്ടിയിരിക്കുന്നത് യുനെസ്കോയുടെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട അഗസ്ത്യാര്‍കൂടം മലനിരയില്‍പ്പെട്ട വനമേഖലയില്‍.

തിരുവനന്തപുരം ബോണക്കാട്ടും ഇടുക്കി പാപ്പാത്തിച്ചോല മോഡല്‍ കൈയ്യേറ്റം. വനഭൂമിയില്‍ കുരിശുകള്‍ നാട്ടിയാണ് കൈയ്യേറ്റത്തിനുളള ശ്രമം നടക്കുന്നത്. കുരിശുകള്‍ നാട്ടിയിരിക്കുന്നത് യുനെസ്കോയുടെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട അഗസ്ത്യാര്‍കൂടം മലനിരയില്‍പ്പെട്ട വനമേഖലയില്‍.

പേപ്പാറ - പരുത്തിപ്പാറ വനം റേഞ്ചുകളില്‍പ്പെട്ട ബോണക്കാട് വനമേഖലയിലാണ് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ബോണക്കാട് കറിച്ചട്ടിമലയില്‍ 15 വര്‍ഷം മുമ്പ് ആരംഭിച്ച തീര്‍ഥാടനത്തിന്‍റെ മറവിലാണ് കൈയ്യേറ്റ ശ്രമം നടക്കുന്നത്. ആദ്യകാലങ്ങളില്‍ ഇവിടെ മരക്കുരിശാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നതല്ല സ്ഥിതി. ബോണക്കാട് മുതല്‍ കറിച്ചട്ടിമല വരെ പതിനാറു കുരിശുകളാണുളളത്. 6 എണ്ണം വനഭൂമിയിലും ബാക്കി ബോണക്കാട് എസ്റ്റേറ്റിന്‍റെ വക ഭൂമിയിലും. ഇന്ന് ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ കുരിശുമല എന്ന പേരിലാണ്.

മലയുടെ ഏറ്റവും മുകളിലായി ആള്‍ത്താരയും നിര്‍മിച്ചിട്ടുണ്ട്. ബോണക്കാട്ടേക്ക് എത്തുന്നവരെ വനംവകുപ്പിന്‍റെ ചെക് പോസ്റ്റില്‍ പരിശോധന നടത്തിയാണ് കടത്തിവിടുന്നത്. ഈ പരിശോധന കടമ്പ കടന്നെത്തിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിതുര മരുതാമലയില്‍ തുടങ്ങിയ ഐസറിനു മുകളിലായാണ് ഈ കൈയ്യേറ്റങ്ങളൊക്കെയും എന്നതും ശ്രദ്ധേയം.

മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി

മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കയ്യേറ്റങ്ങള്‍ക്ക് ന്യായീകരണമില്ലെന്ന് റവന്യൂ മന്ത്രി. വന ഭൂമിയിലായാലും മറ്റേത് ഭൂമിയിലായാലും ഇത്തരം കയ്യേറ്റം അനുവദിക്കില്ല. മീഡിയവണ്‍ വാര്‍ത്തയില്‍ വന്ന കാര്യങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.