LiveTV

Live

Kerala

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍; കൊക്കോ കോള വിരുദ്ധ സമരസമിതിയുടെ അനിശ്ചിത കാല സത്യഗ്രഹം

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍; കൊക്കോ കോള വിരുദ്ധ സമരസമിതിയുടെ അനിശ്ചിത കാല സത്യഗ്രഹം
Summary
പ്ലാച്ചിമട സമരത്തിന്റെ പതിനഞ്ചാം വർഷത്തിലാണ് രണ്ടാം ഘട്ട സമരത്തിന് തുടക്കമായത്. ജലചൂഷണം നടത്തിയ കൊക്കോ - കോള കമ്പനി അടച്ചു പൂട്ടി പന്ത്രണ്ടു വർഷം കഴിഞ്ഞിട്ടും ഇരകള്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കൊക്കോ കോള വിരുദ്ധ സമരസമിതി പാലക്കാട് ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ അനിശ്ചിത കാല സത്യഗ്രഹം ആരംഭിച്ചു. ജലാവകാശ പ്രവര്‍ത്തകന്‍ ഡോ. രാജേന്ദ്ര സിങ് സമരം ഉദ്ഘാടനം ചെയ്തു.

പ്ലാച്ചിമട സമരത്തിന്റെ പതിനഞ്ചാം വർഷത്തിലാണ് രണ്ടാം ഘട്ട സമരത്തിന് തുടക്കമായത്. ജലചൂഷണം നടത്തിയ കൊക്കോ - കോള കമ്പനി അടച്ചു പൂട്ടി പന്ത്രണ്ടു വർഷം കഴിഞ്ഞിട്ടും ഇരകള്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇതിനായി സംസ്ഥാന സർക്കാർ 2011 ൽ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന് കേന്ദ്രം അംഗീകാരം നൽകാതെ മടക്കി. പുതിയ ബില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഒന്നുമുണ്ടായില്ല. പാലക്കാട് കളക്‌ട്രേറ്റിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം ജലസംരക്ഷണ പ്രവർത്തകൻ ഡോ. രാജേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു. കോർപറേറ്റുകൾക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് കേരളത്തിലെ സർക്കാർ എന്ന് തെളിയിക്കണമെന്നും രാജേന്ദ്ര സിംഗ് വ്യക്തമാക്കി.

പ്ലാച്ചിമട ഇരകൾക്ക് സർക്കാർ അടിയന്തിര ധനസഹായം അനുവദിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ചടങ്ങിൽ പ്ലാച്ചിമട സമരത്തെക്കുറിച്ച് മാധ്യമ പ്രവർത്തകനായ പി. സുരേഷ് ബാബു എഴുതിയ ജലത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകം രാജേന്ദ്ര സിംഗ് പ്രകാശനം ചെയ്തു. സി ആർ നീലകണ്ഠൻ, വിളയോടി വേണുഗോപാൽ, എം സുലൈമാന്‍ തുടങ്ങി വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു.