LiveTV

Live

Kerala

മുന്‍ജീവനക്കാരിയുടെ പരാതി: ധനലക്ഷ്മി ചീഫ് മാനേജരുടെ വീട് ജപ്തി ചെയ്യും

 മുന്‍ജീവനക്കാരിയുടെ പരാതി: ധനലക്ഷ്മി ചീഫ് മാനേജരുടെ വീട് ജപ്തി ചെയ്യും
Summary
പിരിച്ചുവിട്ടതിനെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ ചീഫ് മാനേജര്‍ നല്‍കിയ കേസിലാണ് വിധി.

ബാങ്ക് ഉദ്യോഗസ്ഥയെ പുറത്താക്കിയ ചീഫ് മാനേജറുടെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. ധനലക്ഷ്മി ബാങ്ക് ചീഫ് ജനറല്‍ മാനേജറുടെ തിരുവനന്തപുരത്തെ വീടും വസ്തുവും ജപ്തി ചെയ്യണമെന്ന് തൃശൂര്‍ രണ്ടാം അഡീഷനല്‍ സബ് കോടതി ഉത്തരവിട്ടു. പിരിച്ചുവിട്ടതിനെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ ചീഫ് മാനേജര്‍ നല്‍കിയ കേസിലാണ് വിധി.

ധനലക്ഷ്മി ബാങ്കിന്‍റെ മുന്‍ ചീഫ് മാനേജറെ 2016 ലാണ് ബാങ്ക് പുറത്താകുന്നത്. 2016 ജൂലൈയില്‍ തന്നെ പരാതിക്കാരി കോടതിയെ സമീപിച്ചു. ബാങ്ക് മാനേജ്മെന്‍റിന്‍റെ തെറ്റായ നടപടികളെ ചോദ്യം ചെയ്തതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന് പരാതിക്കാരി കോടതിയില്‍ വാദിച്ചു. എതിര്‍കക്ഷിയുടെ വാദം കൂടി കേട്ട കോടതി പരാതിക്കാരിക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. പരാതിക്കാരി ആവശ്യപ്പെട്ട ഒരു കോടി രൂപ നഷ്ടപരിഹാരത്തിനായി എതിര്‍കക്ഷിയായ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി മണികണ്ഠന്‍റെ ഗൌരീശപട്ടത്തെ വീട് ജപ്തി ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

പരാതിക്കാരിക്കെതിരായ നടപടിക്ക് വ്യക്തിപരമായി ബാധ്യതയില്ലെന്നും സ്ഥാപനമാണ് നടപടിയെടുത്തതെന്നുമുള്ള മണികണ്ഠന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ബാങ്കിന്‍റെ അഴിമതി ചൂണ്ടിക്കാട്ടിയതിന് പിരിച്ചുവിട്ട ബാങ്കിലെ ഉദ്യോഗസ്ഥനും ട്രേഡ് യൂണിയന്‍ നേതാവുമായി പി വി മോഹനനും ബാങ്കിനെതിരെ കേസ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഈ വിധിക്ക് വളരെ പ്രാധാന്യമുണ്ട്.